Friday, April 26, 2024
indiakeralaNews

ക്വാറികള്‍ക്ക് 50 മീറ്റര്‍ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍

ക്വാറികള്‍ക്ക് 50 മീറ്റര്‍ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഹരിത ട്രൈബ്യൂണല്‍ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചതെന്നാണ് കേരളത്തിന്റെ വാദം. ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനം ഹര്‍ജി സമര്‍പ്പിച്ചത്.ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പരിസ്ഥിതി ലോല മേഖലകളില്‍ നിന്നും 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവു എന്നായിരുന്നു 2020 ജൂലൈയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. സ്‌ഫോടനം നടത്തുന്ന ക്വാറികള്‍ 200 മീറ്ററിനപ്പുറത്തും അല്ലാത്ത ക്വാറികള്‍ക്ക് 100 മീറ്ററുമായിരുന്നു പരിധി. ദൂരപരിധി 50 മീറ്ററാക്കി കുറച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും ജൂലൈയിലെ ഉത്തരവിലൂടെ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. ട്രൈബ്യൂണലിന്റെ ഈ തീരുമാനങ്ങള്‍ മരവിപ്പിച്ച കേരള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തത്. ഇതോടെ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് അനുസരിച്ചേ തല്‍ക്കാലം കേരളത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാനാകു.ക്വാറികള്‍ക്ക് 50 മീറ്റര്‍ പരിധി നിശ്ചയിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്ന ഒരു പരാതി കേസായി പരിഗണിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഹരിത ട്രൈബ്യൂണല്‍ വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കുമ്പോള്‍ 200 മീറ്റര്‍ പരിധി എന്ന നിബന്ധന എടുത്തുകളഞ്ഞില്ല. ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ ക്വാറി ഉടമകള്‍ക്കാണ് തിരിച്ചടിയേറ്റത്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി തീരുമാനം അതിനാല്‍ സര്‍ക്കാരിനും തിരിച്ചടിയാണ്.