Friday, May 17, 2024
keralaNews

മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്ന് പൊലീസ്

ആലപ്പുഴ :പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും പിഞ്ചുമക്കളെയും പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയതാണെന്നു പൊലീസ് . മെഡിക്കല്‍ കോളജ് ഔട്‌പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ നവാസ് മന്‍സില്‍ റെനീസിന്റെ ഭാര്യ നെജ്ല (27), മകന്‍ ടിപ്പു സുല്‍ത്താന്‍ (5), മകള്‍ മലാല (ഒന്നര) എന്നിവരെയാണു മരിച്ചനിലയില്‍ എആര്‍ ക്യാംപിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്.

തൂങ്ങിയ നിലയിലായിരുന്നു നെജ്ലയുടെ മൃതദേഹം. ടിപ്പുവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റില്‍ മുക്കിയും കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയിലായിരുന്ന റെനീസ് രാവിലെ വീട്ടിലേക്കു വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. അയല്‍വീട്ടില്‍ അറിയിച്ചെങ്കിലും അവര്‍ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് റെനീസ് വീട്ടിലെത്തിയ ശേഷം അഗ്‌നിരക്ഷാസേന വാതില്‍ പൊളിച്ച് കയറിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

8 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 4 വര്‍ഷമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം. റെനീസും നജ്ലയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. നെജ്ലയെ മര്‍ദിച്ചിരുന്നതായും ഒരിക്കല്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പാക്കിയെന്നും സഹോദരി നെഫ്ല പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം കേരളപുരം നെഫ്ല മന്‍സിലില്‍ പരേതനായ ഷാജഹാന്റെയും ലൈല ബീവിയുടെയും മകളാണ് നെജ്ല.