Monday, April 29, 2024
indiaNews

കോവിഡ് വാക്‌സീന്‍ വിതരണം അടുത്ത ബുധനാഴ്ച ആരംഭിക്കും…

രാജ്യമാകെ കോവിഡ് വാക്‌സീന്‍ വിതരണം അടുത്ത ബുധനാഴ്ച്ച തുടങ്ങാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍. വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത് പാര്‍ലമെന്ററി സമിതി പരിശോധിക്കും. അതിനിടെ, വാക്‌സീനുകളെച്ചൊല്ലിയുള്ള ആരോപണപ്രത്യാരോപണങ്ങള്‍ അവസാനിപ്പിച്ച് നിര്‍മാണ കമ്പനികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.

കോവാക്‌സീനും കോവിഷീല്‍ഡിനും അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി പത്തു ദിവസത്തിനകം വിതരണം ചെയ്യാനാകുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. സര്‍ക്കാരിന് ആവശ്യമെങ്കില്‍ മാറ്റംവരുത്താം. വിതരണ റിഹേഴ്‌സല്‍ വിജയകരമായിരുന്നു. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ മേഖല സംഭരണകേന്ദ്രത്തിലാകും വാക്‌സീന്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാനതലത്തിലുള്ള 37 കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകും. 29,000 കോള്‍ഡ് സ്റ്റോറേജുകള്‍ സജ്ജമാണ്. വിതരണം, കുത്തിവയ്പ്പ് എന്നീ കാര്യങ്ങളില്‍ തദ്ദേശീയമായി ജില്ലാ മജിസ്‌ട്രേറ്റിന് തീരുമാനമെടുക്കാം. ആദ്യപരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക സംസ്ഥാനങ്ങളുടെ പക്കലുള്ളതിനാല്‍ റജിസ്‌ട്രേഷന്‍ ആവശ്യമില്ല. മുന്‍ഗണന നല്‍കുന്ന 30 കോടി പേര്‍ക്കുള്ള വാക്‌സീന്‍ ജൂലൈയോടെ വിതരണം പൂര്‍ത്തിയാക്കാനാണ് ശ്രമം. വാക്‌സീന്‍ കയറ്റുമതിക്ക് തടസമില്ല.വാക്‌സീനുകളുടെ ഫലപ്രാപ്തി, ഗുണമേന്മ എന്നിവയെച്ചൊല്ലി ഭാരത് ബയോടെക്കും സീറം ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുകയാണ് പ്രധാന കര്‍ത്തവ്യം. വാക്‌സീന്റെ സുഗമമായ വിതരണത്തിന് ഒന്നിച്ച് മുന്നോട്ടുപോകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാലയും ഭാരത് ബയോടെക് ചെയര്‍മാന്‍ കൃഷ്ണ എല്ലയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെയാണ് പ്രസ്താവന യുദ്ധം അവസാനിപ്പിച്ചത്. വാക്‌സീനുകള്‍ക്ക് അനുമതി നല്‍കിയ നടപടിക്രമം, വിതരണത്തിനും കുത്തിവയ്പ്പിനുമുള്ള സജ്ജീകരണങ്ങള്‍ എന്നിവ സമാജ്‌വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് അധ്യക്ഷനായ പാര്‍ലമെന്റിന്റെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി പരിശോധിക്കും.