Wednesday, May 15, 2024
keralaNews

ജീവനക്കാര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്, ഉപകരണങ്ങളുടെ കാലപ്പഴക്കവും വിനയായി.

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഉപകരണങ്ങളുടെ കാലപ്പഴക്കവും ചോര്‍ച്ചയക്ക് കാരണമായി. ഇതിനിടെ ഫര്‍ണസ് ഓയില്‍ കലര്‍ന്ന മണല്‍ 90ശതമാനവും നീക്കം ചെയ്തു.എണ്ണ ചോര്‍ച്ചയെക്കുറിച്ച് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയത്. കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളും ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം പ്രദേശവാസികള്‍ക്ക് കമ്പനി നല്‍കും.2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫര്‍ണസ് ഓയിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ ചോര്‍ന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയച്ചപ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്. അപ്പോഴേക്കും തീരത്താകെ ഓയില്‍ പടര്‍ന്നിരുന്നു. സള്‍ഫര്‍ ഉള്‍പ്പെടെ രാസവസ്തുക്കള്‍ ഉള്ള എണ്ണയായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അതിനാല്‍ നാളെക്കൂടി കടലില്‍ ഇറങ്ങരുതെന്ന നിര്‍ദേശം ഉണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.