Wednesday, May 8, 2024
keralaNews

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. പ്രതിപക്ഷ ആരോപണങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതായും വീണ ജോര്‍ജ് പറഞ്ഞു.നിലവില്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഐ സി എം ആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ നിന്ന് മരണ കാരണം അടക്കം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യും. അത് ജില്ല അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് കോവിഡ് മരണങ്ങള്‍ കണ്ടെത്തുന്നത്

ഐ സി എം ആര്‍ മാര്‍ഗരേഖ മാറ്റാതെ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ഇപ്പോഴത്തെ രീതി മാറ്റില്ല. നേരത്തെയും ഐ സി എം ആര്‍ മാര്‍ഗരേഖ തന്നെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ മാനദണ്ഡമാക്കിയത്. എന്നാല്‍ സംസ്ഥാന തലത്തിലായിരുന്നു കോവിഡ് മരണങ്ങള്‍ പുനര്‍നിശ്ചയിച്ചിരുന്നത്. ഇതാണ് ജില്ല അടിസ്ഥാനത്തില്‍ മാറ്റിയത്.കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടാതെ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. ബന്ധുക്കളുടെ പരാതി ലഭിച്ചാല്‍ അവയും പരിശോധിക്കും. ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ലന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എന്നാല്‍, കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ കുറച്ച് കാണിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എല്ലാവരും ഈ സമയത്ത് ഒന്നിച്ച് നില്‍ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മുന്‍വര്‍ഷങ്ങളിലെ മരണവുമായി താരതമ്യപ്പെടുത്തി എക്‌സസ് ഡെത്ത് പഠനം നടത്തുന്നത് നല്ലതാണ്. ശരാശരി എത്ര മരണം കൂടിയെന്ന് ഇതിലൂടെ കണ്ടെത്താനാകും. കോവിഡ് മരണങ്ങളുടെ കണക്ക് കൂടുതല്‍ സുതാര്യമാക്കാനും ആലോചനയുണ്ട്.