Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് പുതുക്കിയ ബസ് – ഓട്ടോ – ടാക്സി നിരക്ക് വര്‍ദ്ധനവ് ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ് – ഓട്ടോ – ടാക്സി നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓര്‍ഡിനറി ബസ് മിനിമം രണ്ട് രൂപ കൂട്ടി 10 രൂപയും ഫാസ്റ്റുകള്‍ക്ക് മിനിമം നിരക്ക് ഒരു രൂപ കൂട്ടി 15 രൂപയുമാണ് പുതിയ നിരക്ക്.

രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. അതിനു മുകളില്‍ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്നും 22 രൂപയായും കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്നനും 1.08 രൂപയായും കൂട്ടിയിട്ടുണ്ട്.

ഓട്ടോ റിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയായി. മിനിമം ചാര്‍ജ്ജിന് മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും.

ടാക്സിക്ക് മിനിമം നിരക്ക് 200 രൂപയാണ്. കിലോമീറ്ററിന് 18 രൂപയും ഈടാക്കും. അതേസമയം എക്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ലോര്‍ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല.

മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ ബസ് സമരത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം നിരക്ക് വര്‍ദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു.

നിരക്ക് വര്‍ധിപ്പിക്കാനുള്ള രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് പിന്നീട് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.