Tuesday, May 7, 2024
keralaNews

കോണ്‍ഗ്രസ് ഐഎം വിജയനെ ഇറക്കും; അഭ്യൂഹമെന്ന് താരം

നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവും സ്ഥാനാര്‍ഥി ചര്‍ച്ചകളും പുരോഗമിക്കവെ പലവിധത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. കഴിഞ്ഞ ദിവസം കായിക താരങ്ങളെ ബന്ധപ്പെടുത്തി ചില വാര്‍ത്തകള്‍ വന്നു. അതിലൊന്നായിരുന്നു ഫുട്ബോള്‍ താരം യു ഷറഫലി മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയാകുമെന്നത്. മുസ്ലിം ലീഗ് രാജ്യസഭാഗം പിവി അബ്ദുല്‍ വഹാബിനെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്ന മണ്ഡലമാണ് ഏറനാട്. നിലവിലെ ഏറനാട് എംഎല്‍എ പികെ ബഷീര്‍ മഞ്ചേരിയിലേക്ക് മാറുമെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരവെയാണ് ഷറഫലിയെ ഇടതുപക്ഷം പരിഗണിക്കുന്നു എന്ന വാര്‍ത്ത. ചര്‍ച്ചകള്‍ നടക്കുന്നു എന്ന് രാഷ്ട്രീയ നേതാക്കള്‍ പറയുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

അതേവേളയില്‍ പ്രശസ്ത ഫുട്ബോള്‍ താരം ഐഎം വിജയന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നും വാര്‍ത്തകള്‍ വന്നു. ഇദ്ദേഹവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു വിവരം. പാലക്കാട് ജില്ലയിലെ സംവരണ മണ്ഡലമായ കോങ്ങാട് ഐഎം വിജയന്‍ കോണ്‍ഗ്രസിന് വേണ്ടി എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഇക്കാര്യം വിജയന്‍ നിഷേധിച്ചു.

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ഐഎം വിജയന്‍ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. പല മുന്നണികളുടെയും പ്രതിനിധികള്‍ വന്നു കണ്ടിരുന്നു. എല്ലാവരും തനിക്ക് സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമില്ല. ഫുട്ബോള്‍ താരമായി അറിയപ്പെടാനാണ് ഇഷ്ടം. മല്‍സരിക്കാനില്ലെന്നും ഐഎം വിജയന്‍ പറഞ്ഞു.

വിജയസാധ്യത പരിഗണിച്ച് സിനിമാ രംഗത്തെയും കായിക മേഖലകളിലുള്ളവരെയും വിവിധ കക്ഷികള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി കോഴിക്കോട്ടെ ബാലുശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് മറ്റൊരു വിവരം. ഇക്കാര്യത്തിലുള്ള താല്‍പ്പര്യം ധര്‍മജന്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി പറയുന്നത് പോലെ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.