Tuesday, May 21, 2024
keralaNewsObituary

രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം; കെഎസ്ആര്‍ടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു

പാലക്കാട് : കെഎസ്ആര്‍ടിസിക്കും ലോറിക്കും ഇടയില്‍പ്പെട്ട് പാലക്കാട് വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സിഎല്‍ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.കാവശ്ശേരി ഈടുവെടിയാല്‍ മോഹനന്റെ മകന്‍ ആദര്‍ശ് (23), കാഞ്ഞങ്ങാട് മാവുങ്കാല്‍ തമ്പാന്റെ മകന്‍ കെ. സാബിത്ത് (26) എന്നിവരാണ് ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കുടുങ്ങി മരിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍ മാദ്ധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡ്രൈവര്‍ വലത്തോട്ട് ബസ് വെട്ടിച്ചത് കൊണ്ടാണ് അപകടമുണ്ടായത് എന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടുപടി സ്വീകരിച്ചത്.

ഈ മാസം ഏഴിനായിരുന്നു കെഎസ്ആര്‍ടിസിക്ക് ബസിനും ലോറിക്കും ഇടയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടത്. പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് ആയിരുന്നു യുവാക്കളെ അപകടത്തിലാക്കിയത്. സംഭവത്തില്‍ ഡ്രൈവറുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയും കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. ബസിന്റെ പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.