Monday, April 29, 2024
keralaNews

കോട്ടയത്ത് വയോധികയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു

കോട്ടയം :വയോധികയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.നാട്ടുകാരാണ് മരണത്തില്‍ ദുരൂഹത ആരോപിച്ചത് തുടര്‍ന്ന് മകന്‍ അറസ്റ്റിലായി. പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ(80) ആണു കൊല്ലപ്പെട്ടത്. മകന്‍ ബിജുവിനെ (52) ആണ് പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ 20നാണ് സതിയമ്മയെ ബന്ധുക്കള്‍ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വീണു തലയ്ക്കു പരുക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരെ അറിയിച്ചത്.

ചികിത്സയ്ക്കുശേഷം പിറ്റേന്ന് ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്നായിരുന്നു മരണം. പിന്നാലെ 24ന് ഉച്ചയ്ക്ക് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ നാട്ടുകാര്‍ ഉള്‍പ്പെടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്‌കാരത്തിന് തൊട്ടുമുന്‍പ് മൃതദേഹം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.

കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ തലയ്ക്കു പിന്നിലേറ്റ പ്രഹരമാണ് മരണകാരണമെന്നു കണ്ടെത്തി. തുടര്‍ന്നു മകന്‍ ബിജുവിനെ കസ്റ്റഡിയില്‍ എടുത്തു വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് ബിജുവാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് ഉറപ്പിച്ചത്. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. മരണത്തിനു മുന്‍പ് ബിജുവും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ബിജു ഉപദ്രവിച്ചുവെന്നും നാട്ടുകാര്‍ പൊലീസിന് നല്‍കിയ സൂചനയില്‍നിന്നാണ് കൊലപാതകം ചുരുളഴിഞ്ഞത്.