Tuesday, May 7, 2024
keralaNewsUncategorized

കൊല്ലത്ത് പോസ്റ്റല്‍ വഴി കഞ്ചാവ്; എക്സൈസ് അന്വേഷണം ഇന്‍ഡോറിലേക്ക്

കൊല്ലം: പോസ്റ്റല്‍ സര്‍വ്വീസ് വഴി പാഴ്സലായി കൊല്ലത്ത് കഞ്ചാവെത്തിച്ച സംഭവത്തില്‍ അന്വേഷണം മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക്.

മുഖ്യ പ്രതി കൊല്ലം പട്ടത്താനം സ്വദേശി വിഷ്ണു ലാല്‍ ഇന്‍ഡോറില്‍ നിന്ന് പല തവണ പോസ്റ്റല്‍ വഴി കഞ്ചാവ് എത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

520 ഗ്രാം കഞ്ചാവാണ് ഇന്‍ഡോറില്‍ നിന്ന് പട്ടത്താനം പോസ്റ്റോഫീസിലേക്ക് പാഴ്സലായി അയച്ചത്. പാഴ്സല്‍ കവര്‍ പൊട്ടി കഞ്ചാവ് പുറത്ത് വന്നതോടെയാണ് പോസ് റ്റോഫീസ് ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് എക്സൈസില്‍ വിവരം അറിയിക്കുകയായിരുന്നു.

പാഴ്സല്‍ കവറിലെ മേല്‍വിലാസം വ്യാജമായിരുന്നെങ്കിലും ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ പട്ടത്താനം സ്വദേശി റിജോ ജേക്കബ് എന്നയാള്‍ പാഴ്സല്‍ വാങ്ങാന്‍ എത്തുകയും ഇയാളെ എക്സൈസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.       

കഞ്ചാവ് സംഘത്തില്‍ ട്രാന്‍സ് ജന്‍ഡേഴ്സും കണ്ണികളാണെന്നും എക്സൈസ് വ്യക്തമാക്കുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിഷ്ണു ലാലാണ് കഞ്ചാവ് എത്തിക്കുന്നതിന് പിന്നിലെന്നും ഇയാള്‍ ഇന്‍ഡോറിലാണെന്നും വ്യക്തമായി.

ഇതോടെയാണ് അന്വേഷണം ഇന്‍ഡോറിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. മുന്‍പ് ഇതേ മേല്‍വിലാസത്തില്‍ വന്ന പാഴ്സല്‍ ട്രാന്‍സ് ജന്‍ഡേഴ്സാണ് കൈപ്പറ്റിയതെന്നും വ്യക്തമായിട്ടുണ്ട്.

ഇന്‍ഡോറില്‍ നിന്നും ആവശ്യക്കാര്‍ക്ക് വിഷ്ണു ലാല്‍ കഞ്ചാവ് പാഴ്സലായി അയച്ചുനല്‍കുകയാണ് പതിവെന്നാണ് എക്സൈസ് നിഗമനം.