Monday, April 29, 2024
keralaNews

കൊരട്ടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ വനത്തിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: കൊരട്ടി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ കാട്ടിലേക്ക് അയക്കാനുള്ള ശ്രമം തുടരുന്നു. കൊരട്ടി പ്രസ് ക്ലബ്ബിന് സമീപത്തെ പറമ്പിലാണ് പോത്ത് നില്‍ക്കുന്നത്. രാവിലെയാണ് നാട്ടുകാര്‍ കാട്ടുപോത്തിനെ കണ്ടത്. നഗരത്തില്‍ ആലഞ്ഞ് തിരിഞ്ഞ പോത്ത് മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. ജനവാസ മേഖലയിലുള്ള കാട്ടുപോത്തിന്റെ സഞ്ചാരം തുടരുകയാണ്.ഇന്നലെ ഏഴ് മണിയോടെ ചാത്തക്കുളം ഭാഗത്താണ് കാട്ടുപോത്തിനെ ആദ്യം കാണുന്നത്. കൃഷിയിടത്തിലെ ചെറുകുളത്തില്‍ കിടന്ന പോത്തിനെ നാട്ടുകാര്‍ അവിടെ ചെന്ന് ഓടിച്ചുവിട്ടു. മൂക്കന്നൂര്‍ പഞ്ചായത്തിലെ എടലക്കാട്, കുട്ടാടം, ഒലിവ്മൗണ്ട് എന്നിവിടങ്ങളിലാണ് ഇന്നലെ കാട്ടുപോത്ത് എത്തിയത്. അയ്യമ്പുഴ, മഞ്ഞപ്ര പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടുപോത്ത് തന്നെയാണ് മൂക്കന്നൂരും എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

മഞ്ഞപ്ര പുതുമനയിലും കൊല്ലക്കോടും ഇറങ്ങിയ കാട്ടുപോത്ത് തിങ്കളാഴ്ച 11 നു കണ്ണിമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള വനത്തിലേക്ക് കയറിപ്പോയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ കൊരട്ടി ജനവാസ മേഖലയില്‍ കാട്ടുപോത്തിനെ വീണ്ടും കണ്ടെത്തി. കാട്ടുപോത്തിനെ കണ്ട് ചിലര്‍ ചിത്രം പകര്‍ത്താന്‍ എത്തി. മറ്റു ചിലര്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാതെ തുടരുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി കാട്ടുപോത്തിനെ ഓടിച്ച് വിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്.