Monday, May 13, 2024
Newspoliticsworld

ഷെഹബാസ് ഷെരീഫ് പുതിയ പാക് പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ടു 

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.പാകിസ്താന്‍ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷനായ ഷെഹബാസ് ഇമ്രാന്‍ ഖാന്‍ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു തിരഞ്ഞെടുപ്പ് ആരംഭിച്ചത്.

തിരഞ്ഞെടുപ്പ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇമ്രാന്‍ ഖാന്റെ പിടിഐ പാര്‍ട്ടിയിലെ അഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോയി.

പിടിഐ അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇറങ്ങിപ്പോക്ക്.

സ്പീക്കറുടെ കസേരയില്‍ ഇരുന്ന ശേഷം താല്‍ക്കാലിക സ്പീക്കറുടെ ചുമതലയുള്ള അയാസ് സാദിഖ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി രാജി വെച്ചതിന് പിന്നാലെയാണ് അയാസ് സാദിഖ് തിരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായത്. തിരഞ്ഞെടുപ്പിന്റെ നിയമങ്ങളും നടപടിക്രമങ്ങളും വായിച്ച ശേഷം അംഗങ്ങളോട് ഹാളിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളായ ഷഹബാസ് ഷെരീഫിന്റേയും പിടിഐയുടെ ഷാ മഹ്‌മൂദ് ഖുറേഷിയുടേയും പേരുകള്‍ അദ്ദേഹം വായിച്ചു.

ഷഹബാസ് ഷെരീഫിന്റെ പേര് വായിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം നവാസ് ഷെരീഫിന്റെ പേരായിരുന്നു വായിച്ചത്. ഉടനെ തിരുത്തി ഷഹബാസ് ഷെരീഫ് എന്നാക്കുകയായിരുന്നു.

ഷെഹ്ബാസ് സാഹബിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു , നവാസിന്റെ പേര് എന്റെ ഹൃദയത്തില്‍ നിലനില്‍ക്കുന്നു എന്ന് പറഞ്ഞതിന് ശേഷമായിരുന്നു തിരുത്ത്.

തുടര്‍ന്ന് സാദിഖ് ഷെഹ്ബാസിനെ പിന്തുണയ്ക്കുന്ന ആളുകളോട് അദ്ദേഹത്തിന്റെ ഇടതുവശത്തുള്ള ലോബികളിലേക്ക് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടു.

അതുപോലെ, ഖുറേഷിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് അദ്ദേഹത്തിന്റെ വലതുവശത്തുള്ള ലോബിയിലേക്ക് പോയി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് അംഗങ്ങള്‍ വോട്ട് ചെയ്യുകയും ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.