Tuesday, May 7, 2024
keralaNewspolitics

    കെ റെയില്‍: മനുഷ്യാവകാശ ലംഘനം; ബിജെപി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

കൊച്ചി ; കെ റെയിലിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രക്ക് ആണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പരാതി നല്‍കിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയും ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത് എന്ന് പരാതിയില്‍ ആരോപിക്കുന്നു.                                     ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു റെയില്‍വേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിന് മുന്‍പ് തന്നെ അതുമായി ബന്ധപ്പെട്ട സ്ഥലം പിടിച്ചെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ കേരള സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് റെയില്‍വേ മന്ത്രി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ കേരള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അംഗീകരിക്കാന്‍ സാധിക്കുന്ന റിപ്പോര്‍ട്ടല്ല കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നും കത്തില്‍ പറയുന്നു.പരിസ്ഥിതി പ്രവര്‍ത്തകരുടേയും, ഗവേഷകരുടേയും, ജനങ്ങളുടേയും എതിര്‍പ്പുകള്‍ക്ക് പല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് മഹാമാരി കാരണം കടബാദ്ധ്യതയിലാണ്ടുപോയ ജനങ്ങളില്‍ നിന്നും അവരുടെ സ്ഥലം സര്‍ക്കാര്‍ പിടിച്ചെടുക്കുന്നത്. മാര്‍ച്ച് 17 ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ പോലീസ് പ്രവേശിക്കുകയും സ്വകാര്യ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ആരംഭിക്കുകയും ചെയ്തു. ജനങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ പോലീസ് അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. സ്ത്രീകളും മുതിര്‍ന്നവരുമുള്‍പ്പെടെ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയാണ് ചെയ്തത്. അമ്മമാരില്‍ നിന്നും കുട്ടികളെ തട്ടിപ്പറിച്ച് എടുത്തായിരുന്നു പോലീസിന്റെ കൊടും ക്രൂരത.

മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികളെപ്പോലെയാണ് പോലീസ് ജനങ്ങളോട് പെരുമാറിയത്. കസ്റ്റഡിയിലെടുത്താല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മദ്ധ്യവയസ്‌കയായ ഒരു അമ്മ പറഞ്ഞിരുന്നു. തികച്ചും മനുഷ്യാവകാശ ലംഘനമാണ് നടന്നത് എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കടക്കെണിയില്‍ ആഴ്ത്തുന്ന ജനങ്ങളെ കഷ്ടപ്പാടിലേക്ക് നയിക്കുന്ന ഒരു പദ്ധതിയാണ് സില്‍വര്‍ ലൈന്‍ പദ്ധതി. എല്ലാ പ്രതിഷേധങ്ങളും അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത് എന്നും കത്തില്‍ പറയുന്നു