Saturday, May 4, 2024
keralaNews

രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് വസ്തു എഴുതി വാങ്ങിച്ചു, എട്ടുവര്‍ഷം നടത്തിച്ചു വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നില്‍ വിഷംകഴിച്ച് മരിച്ചു.

കബളിപ്പിക്കപ്പെട്ട ഭൂ ഉടമ, വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നില്‍ വിഷംകഴിച്ച് മരിച്ചു. കാട്ടായിക്കോണം ചന്തവിള രാഹുല്‍ നിവാസില്‍ രാമചന്ദ്രന്‍ (55 ) ആണ് ആത്മഹത്യചെയ്തത്. ഇക്കഴിഞ്ഞ 29 നാണ് വിഷം കഴിച്ചത്. പിറ്റേന്നു പുലര്‍ച്ചെ മരിച്ചു. രാമചന്ദ്രന്റെ ചന്തവിളയിലെ വസ്തു എട്ടുവര്‍ഷം മുമ്പാണ് മുട്ടട സ്വദേശിക്ക് വിലയാധാരമായി പ്രമാണം ചെയ്തത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ രജിസ്ട്രേഷന്‍ കഴിഞ്ഞതുമുതല്‍ ഓരോ അവധികള്‍ പറഞ്ഞു രാമചന്ദ്രനെ മടക്കിയച്ചിരുന്നു.

വസ്തുവിന്റെ പണം തരുന്നില്ലെങ്കില്‍ വസ്തു തിരിച്ചെഴുതണമെന്ന ആവശ്യവും ഇയാള്‍ മുഖവിലയ്ക്കെടുത്തില്ല.സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചത്. 29നും വസ്തുവിന്റെ പണത്തിനായി രാമചന്ദ്രന്‍ ഇടപാടുകാരന്റെ മുട്ടടയിലെ വീട്ടുപടിക്കല്‍ എത്തിയിരുന്നു. എന്നാല്‍ പണം നല്‍കാന്‍ അയാള്‍ കൂട്ടാക്കിയില്ല. അതേത്തുടര്‍ന്നാണ് അവിടെവച്ച് വിഷം കഴിച്ചത്. വിശദമായ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകാരനെതിരെ ബന്ധുക്കള്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. ആശാവര്‍ക്കറായ രതി എസ്.ആണ് രാമചന്ദ്രന്റെ ഭാര്യ. മക്കള്‍: രാഹുല്‍ ചന്ദ്രന്‍, രാഖി ചന്ദ്രന്‍.