Monday, May 6, 2024
keralaNews

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്.

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കോടതിയിലേക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ കോടതിയെ സമീപിക്കുക. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഎം കോടതിയില്‍ ചോദ്യം ചെയ്യും.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. 99 സീറ്റുകളുമായി തുടര്‍ഭരണത്തിലേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന് തൃപ്പൂണിത്തറയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. 992 വോട്ടിന് സിറ്റിംഗ് എംഎല്‍എ എം സ്വരാജ് കെ ബാബുവിന് മുന്നില്‍ വീണത് ബിജെപി വോട്ടുകള്‍ മറിച്ചത് കൊണ്ടാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പുതിയ ആരോപണം കൂടി സിപിഎം ഉന്നയിക്കുന്നത്. ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം.

തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നടപടിയുണമടായില്ലെന്നും സിപിഎം വ്യക്തമാക്കുന്നു. ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് എണ്ണാതെ മാറ്റിവെച്ച നടപടിയും സിപിഎം എതിര്‍ക്കും. സീല്‍ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താല്‍ വോട്ട് അസാധുവാക്കാന്‍ പറ്റില്ലെന്നും സിപിഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി എം സുന്ദരന്‍ കോടതിയില്‍ ഹര്‍ജി നല്‍കും. തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയും അന്വേഷിക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഏതെങ്കിലും വിഴ്ച തോല്‍വിയ്ക്ക് കാരണമായോ എന്നാണ് സി പി എം പരിശോധിക്കുക.