Friday, May 3, 2024
keralaNewsObituarypolitics

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു .

കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു

ജെഎസ്എസ് നേതാവും മുന്‍ മന്ത്രിയുമായ കെആര്‍ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രോഗബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു. രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1919 ജൂലൈ 14ന് ചേര്‍ത്തല അന്ധകാരനഴിയില്‍ കെഎ രാമന്‍, പാര്‍വ്വതിയമ്മ ദമ്ബതികളുടെ മകളായാണ് ജനനം. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി.
1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. ഐക്യകേരളത്തിന്റെ പിറവിക്കുശേഷം അധികാരത്തില്‍വന്ന 1957ലെ പ്രഥമ കേരളനിയമസഭയില്‍ അംഗമായി. 1957ല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടിവി തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേരുകയായിരുന്നു. കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും റവന്യൂ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.