Saturday, May 18, 2024
keralaNews

ചരിത്രം കുറിച്ച് എഴുപത്തിനാലാം വയസ്സില്‍ എ.അബ്ദുല്‍ റഹ്‌മാന്‍ റാങ്ക് ജേതാവ്

ഇരവിപുരം തട്ടാമല പന്ത്രണ്ടു മുറി രേഷ്മ മന്‍സിലില്‍ എ.അബ്ദുല്‍ റഹ്‌മാന്‍ എഴുപത്തിനാലാം വയസ്സില്‍ റാങ്ക് ജേതാവ്. കേരള സര്‍വകലാശാലയുടെ ഇംഗ്ലിഷ് ഫോര്‍ കമ്യൂണിക്കേഷന്‍ അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് അബ്ദുല്‍ റഹ്‌മാന്‍ ചരിത്രം കുറിച്ചത്. കൊല്ലം മുസ്‌ലിം അസോസിയേഷന്‍ നടത്തുന്ന എംഎ അറബിക് കോളജിലെ ഇംഗ്ലിഷ് അധ്യാപകന്‍ കൂടിയായ എ.അബ്ദുല്‍ റഹ്‌മാന്‍. തപാല്‍ വകുപ്പിലെ ആര്‍എംഎസ് സോര്‍ട്ടിങ് അസിസ്റ്റന്റ് ആയി വിരമിച്ചതോടെ വീണ്ടും പഠനം 38 വര്‍ഷത്തിനു ശേഷം ആരംഭിച്ചു.

അറബിക് കോളജിലെ അധ്യാപക വൃത്തിയിലും പ്രവേശിച്ചു. മുടങ്ങിയ ബിഎ ഇംഗ്ലിഷ് പഠനം തുടര്‍ന്നു. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും സൈക്കോളജിയിലും പിജി പാസായി. 2011ല്‍ ഇഗ്‌നോയുടെ തന്നെ ബിഎഡ് കോഴ്‌സും ജയിച്ചു. 2019 ലാണ് കേരള യൂണിവേഴ്‌സിറ്റി നടത്തിയ ഇംഗ്ലിഷ് ഫോര്‍ കമ്യൂണിക്കേഷന്‍ അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സായാഹ്ന കോഴ്‌സിനു ചേര്‍ന്നത്. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും, സൈക്കോളജിയില്‍ അഡ്വാന്‍സ്ഡ് പിജി ഡിപ്ലോമ കൂടി പഠിക്കണമെന്ന ആഗ്രഹം ബാക്കിയുണ്ട്. പഠിക്കണം, പഠിച്ചു കൊണ്ടേയിരിക്കണം അതു നല്‍കുന്ന ഊര്‍ജം ഏതൊരാളുടെ ജീവിതത്തിലും സന്തോഷം നല്‍കുമെന്നാണ് അബ്ദുല്‍ റഹ്‌മാന്റെ അഭിപ്രായം. നസീമയാണ് ഭാര്യ. മക്കള്‍- രേഷ്മ,റിയാസ്,റസീന, റജില, അലി, അഹമ്മദ്.