Tuesday, May 7, 2024
keralaNews

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജു പ്രഭാകര്‍

സാമ്പത്തിക പ്രതിസന്ധി കെഎസ്ആര്‍ടിസിയില്‍ രൂക്ഷമായ സാഹചര്യത്തില്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവുമായി കൂടിക്കാഴ്ച നടത്തി.കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയും മാനേജ്മെന്റ് നേരിടുന്ന പ്രശ്‌നങ്ങളും ഇന്ന വൈകീട്ട് ആറ് മണിക്ക് സമൂഹമാദ്ധ്യമത്തിലൂടെ പൊതുജനങ്ങള്‍ക്ക മുന്നില്‍ തുറന്നുക്കാട്ടുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. അതേസമയം, ബിജു പ്രഭാകര്‍ സിഎംഡി സ്ഥാനമൊഴിയുന്നത് സംബന്ധിച്ച വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐഎന്‍ടിയുസി കഴിഞ്ഞ ദിവസം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സിഐടിയു ഉള്‍പ്പടെയുള്ള സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്മെന്റിന്റെയും തലയില്‍ കെട്ടി വയ്ക്കുകയാണ്. തൊഴിലാളികളുടെയും സംഘടനകളുടേയും ഭാഗത്തുനിന്ന് വേണ്ടവിധത്തിലുള്ള സഹകരണം ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം ജീവനക്കാര്‍ തനിക്കെതിരെ കൃത്യമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നതായുമാണ് അദ്ദേഹത്തിന്റെ ആരോപണം.

കെഎസ്ആര്‍ടിസിയിലെ ശമ്പളവും പെന്‍ഷനും വൈകുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകളുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലുളള കേസുകളില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത് സിഎംഡിയും മാനേജ്മെന്റുമാണ്.