Monday, May 13, 2024
HealthkeralaNewsObituary

നിപയെന്ന് സംശയം: മരിച്ച രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കം: ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കം ഉണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ സംശയത്തെ തുടര്‍ന്ന് കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.                                                                         ഓഗസ്റ്റ് 30-നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ച രണ്ടുപേരും ഒരേ ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ നേരത്തെയും സമ്പര്‍ക്കമുണ്ടായിരുന്നുവെന്നും വ്യക്തമായതായി ആരോഗ്യമന്ത്രി പറഞ്ഞു.പനി മൂലം രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.                                                                   രണ്ടാമത് മരിച്ച വ്യക്തിയുടെയും ചികിത്സയിലുള്ള നാലുപേരുടെയും ശ്രവം പൂനെ എന്‍ഐവിലേക്ക് അയച്ചിട്ടുണ്ട്. നിപ സ്ഥിരീകരിക്കാനാകുന്നത് പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്. നിപയാകാം എന്ന സംശയം മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.                                                                                           നിലവില്‍ സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. നിപ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ആളുകളെ റിസ്‌ക് അനുസരിച്ച് തരംതിരിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗ ലക്ഷണം ഉള്ളവരെ ഐസലേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. രോ?ഗികളുമായി ഹൈ റിസ്‌ക് കോണ്‍ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണ്.                                                                                    നിപയെന്ന് സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ഇപ്പോള്‍ പ്രാഥമിക പരിശോധനയാണ് നടത്തിയത്. ഇതിന്റെ ഫലം ലഭ്യമാകുന്നതിനനുസരിച്ച് മറ്റു ക്രമീകരണങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.