Sunday, May 19, 2024
keralaNews

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണ പ്രതിസന്ധി തുടരും.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണ പ്രതിസന്ധി തുടരും. ശമ്പളവിതരണം നാളെയുമില്ലെന്നാണ് വിവരം.നാളെ പൂര്‍ണമായി ശമ്പളം വിതരണം ചെയ്യുമെന്നായിരുന്നു മന്ത്രി ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ശമ്പള തുക കണ്ടെത്തുന്നതിന് കൂടുതല്‍ സമയം വേണ്ടിവരും. എല്ലാക്കാലത്തും കെഎസ്ആര്‍ടിസിയ്ക്ക് ശമ്പളം നല്‍കാന്‍ സാധിക്കില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. വിവിധയിടങ്ങളില്‍ വായ്പയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഈ മാസം പകുതിയോടെ മാത്രമായിരിക്കും ശമ്പള വിതരണം ആരംഭിക്കുകയെന്നാണ് വിവരം.

ശമ്പള വിതരണം പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഒന്നേകാല്‍ കോടി രൂപ മുടക്കി ബസ് കഴുകാന്‍ യന്ത്രം വാങ്ങുന്നതിനെതിരായി വിമര്‍ശനങ്ങള്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങളെല്ലാം പാടെ തള്ളിയിരിക്കുകയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വെച്ച തുകയല്ലെന്നാണ് വിശദീകരണം. ഇപ്പോള്‍ ബസ് കഴുകുന്നത് ദിവസവേതനക്കാരാണ് ഹോസ് ഉപയോഗിച്ച് ഒരു ബസ് കഴുകുന്നതിന് 25 രൂപ. ഇത് കാര്യക്ഷമമല്ല. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന 30 കോടിയില്‍ നിന്നാണ് യന്ത്രത്തിനുള്ള ചെലവ്. അതാകട്ടെ മറ്റൊന്നിനും വക മാറ്റാനും പറ്റില്ലെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടുന്നു.

ജോലിചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കൂലി നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ പറഞ്ഞിരുന്നു.ആറു മണിക്കാണ് താന്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതെന്നും എന്നാല്‍ മൂന്ന് മണിക്ക് തന്നെ സര്‍വ്വീസ് നിര്‍ത്തി സമരം തുടങ്ങിയതില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു.