Monday, May 13, 2024
keralaNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

കൊച്ചി :തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് കലക്ടറേറ്റില്‍ എത്തിയാണ് ജോ ജോസഫ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്‍ നാളെ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. ബുധനാഴ്ച വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക നല്‍കാം.ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

യുഡിഎഫ് കണ്‍വന്‍ഷന്‍ ഇന്നു വൈകിട്ട് 5ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എംഎല്‍എ, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ 12ന് പൂര്‍ത്തിയാക്കും.ഇടതു മണ്ഡലം കണ്‍വന്‍ഷന്‍, യുഎസിലെ ചികിത്സ കഴിഞ്ഞു മടങ്ങിയെത്തുന്ന പിണറായി വിജയന്‍ മേയ് 12ന് ഉദ്ഘാടനം ചെയ്യും. മുന്നണിയുടെ അന്‍പതോളം എംഎല്‍എമാര്‍ ഈ ആഴ്ച മുതല്‍ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങും. എല്ലാ മന്ത്രിമാരും പ്രചാരണത്തിനെത്തും.