Wednesday, May 15, 2024
EntertainmentkeralaNews

കാവ്യയെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലെത്തി.

കൊച്ചി :നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.കാവ്യയെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലെത്തി.ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനായി ഇന്നു 11 മണിക്ക് ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍, ആലുവ ‘പത്മസരോവരം’ വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇവിടെ വച്ച്‌ േചാദ്യം ചെയ്യാനുള്ള നീക്കം.

നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, അസൗകര്യം അറിയിച്ച് കാവ്യ ക്രൈംബ്രാഞ്ചിന് കത്തുനല്‍കി. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടര്‍ന്നാണു കാവ്യയുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

നടിയെ പീഡിപ്പിച്ച കേസിനു മുന്‍പ് അതിജീവിത, നടന്‍ ദിലീപ്, നടി മഞ്ജു വാരിയര്‍ എന്നിവര്‍ക്കിടയില്‍ ഏതെങ്കിലും സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തില്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിര്‍ണായക ഘട്ടം പൂര്‍ത്തിയാകും.