Saturday, May 4, 2024
educationkeralaNews

കാസര്‍കോട് എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നാളെ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നിര്‍മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഒരു സ്‌കൂള്‍ കെട്ടിടവും മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച രാവിലെ 10ന് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും.

മഞ്ചേശ്വരം മണ്ഡലത്തിലെ ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, കാസര്‍കോട് ജിഎംവിഎച്ച്എസ്എസ് തളങ്കര, ഉദുമയില്‍ ജിഎച്ച്എസ്എസ് പെരിയ, തൃക്കരിപ്പൂരില്‍ ജിഎച്ച്എസ് എസ് പിലിക്കോട് എന്നീ സ്‌കൂളുകളിലെ കെട്ടിടങ്ങള്‍ അഞ്ച് കോടി ചെലവിട്ടാണ് നിര്‍മിച്ചത്.
കക്കാട്ട് ഹയര്‍ സെക്കന്‍ഡറി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. വിഎച്ച്എസ്എസ് വെള്ളിക്കോത്ത്, ജിഎച്ച്എസ്എസ് ചായ്യോത്ത്, ജിഎച്ച്എസ് എസ് ബളാംതോട് എന്നിവ മൂന്ന്കോടി ചെലവിട്ടാണ് നിര്‍മിച്ചത്. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് കിഫ്ബി മൂന്ന് കോടി രൂപ വീതം അനുവദിച്ചത്.

മൂന്ന് കോടി അനുവദിച്ചത് ജില്ലയില്‍ 25 സ്‌കൂളുകള്‍ക്കാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് രണ്ട് കെട്ടിടങ്ങളും ജില്ലാപഞ്ചായത്ത് ഫണ്ടില്‍ ഒരു കെട്ടിടവുമാണ് ചെമ്മനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ചത്. ക്ലാസ് റൂമുകള്‍, ലാബ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, ഗസ്റ്റ് റും, ഭിന്നശേഷി കുട്ടികള്‍ക്കുള്ള റൂം, കംപ്യൂട്ടര്‍ ലാബ്, മീറ്റിങ് ഹാള്‍, സ്റ്റോര്‍ റൂം, ലൈബ്രറി, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറികള്‍, ഭിന്നശേഷികാര്‍ക്ക് റാമ്ബ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കൈറ്റിന്റെ ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ വിഭാഗത്തിനായിരുന്നു കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള ഏഴ് സ്‌കൂളുകളുടെ നിര്‍മാണ ചുമതല. നിര്‍മാണം നടത്തിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 111 വിദ്യാലയങ്ങളിലെ കെട്ടിടങ്ങളാണ് സംസ്ഥാനത്താകെ ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു എന്നിവര്‍ വിവിധ വിദ്യാലയങ്ങളിലായി പങ്കെടുക്കും.