Monday, April 29, 2024
keralaNewsObituary

കാസര്‍കോട് ഷവര്‍മ്മ കഴിച്ച 16കാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.

ഭക്ഷ്യവിഷബാധയേറ്റ 17 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ആന്റ് ഫുഡ് പോയിന്റ് എന്ന് പേരുള്ള കൂള്‍ബാറില്‍ നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഷവര്‍മ്മ കഴിച്ച ശേഷം അസ്വസ്ഥതകള്‍ നേരിട്ട കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ഇവിടെ നിന്നും ഭക്ഷണം കഴിച്ചത്. കരിവള്ളൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്നാണ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെയാണ് കൂള്‍ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ കൂള്‍ബാര്‍ അടച്ചുപൂട്ടിയിട്ടിട്ടുണ്ട്.