Monday, April 29, 2024
indiaNewsSports

കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍

കാന്‍പുര്‍: കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി യുവതാരം ശ്രേയസ് അയ്യര്‍. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനമാണ് അയ്യര്‍ സെഞ്ചുറിയിലെത്തിയത്. 157 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതമാണ് അയ്യരുടെ കന്നി ടെസ്റ്റ് സെഞ്ചുറി. താരത്തിന്റെ സെഞ്ചുറി മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 92 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അയ്യര്‍ 104 റണ്‍സോടെയും വൃദ്ധിമാന്‍ സാഹ ഒരു റണ്ണോടെയും ക്രീസില്‍.അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 16ാമത്തെ ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍. ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരവും. അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന പ്രായം കൂടിയ മൂന്നാമത്തെ താരം (26 വയസ്സും 355 ദിവസവും), വേഗമേറിയ നാലാമത്തെ അരങ്ങേറ്റ സെഞ്ചുറി എന്നീ നേട്ടങ്ങളും അയ്യര്‍ക്ക് സ്വന്തം.നാലു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഇന്ന് നഷ്ടമായത്. ഇന്നലത്തെ അതേ സ്‌കോറില്‍ത്തന്നെ ടിം സൗത്തിയാണ് ജഡേജയെ പുറത്താക്കിയത്. ജഡേജ 112 പന്തില്‍ ആറു ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജഡേജ പുറത്തായത്.മയാങ്ക് അഗര്‍വാള്‍ (13), ശുഭ്മന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26), അജിന്‍ക്യ രഹാനെ (35) എന്നിവരാണ് ആദ്യ ദിനം പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാര്‍. ന്യൂസീലന്‍ഡിനായി കൈല്‍ ജയ്മിസന്‍ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റ് വീഴ്ത്തി.