Friday, May 17, 2024
keralaNewspolitics

കാഞ്ഞിരപ്പള്ളി ഇന്‍ഫാം ഡയറക്ടറുമായ റെവ .ഫാ തോമസ് മറ്റമുണ്ടയില്‍ ഇനി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍

കൊച്ചി : കാഞ്ഞിരപ്പള്ളി ഇന്‍ഫാം ഡയറക്ടറും – മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടറുമായ റവ .ഫാ തോമസ് മറ്റമുണ്ടയില്‍ ഇനി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍. കാര്‍ഷിക വിഷയങ്ങളിലും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കി
നടത്തിയ ഇടപെടലുകളാണ് ശ്രദ്ധേയമാക്കിയത് . കണമലയിലെ കാട്ടുപോത്താക്രമണത്തില്‍ മരണപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുവാനും, ബഫര്‍സോണ്‍ വിഷയത്തില്‍ കാര്യമായി ഇടപെട്ടതുമൊക്കെ കാഞ്ഞിരപ്പള്ളി ഇന്‍ഫാം കര്‍ഷക ജില്ലയെ വ്യത്യസ്തമാക്കിയിരുന്നു .കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വച്ചത് . അഗ്രിഫോഴ്സിന്റെ രൂപീകരണവും , കട്ടപ്പനയിലെ കര്‍ഷക റാലിയുമൊക്കെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു . ഇതൊക്കെ കണക്കിലെടുത്ത് ഇന്‍ഫാമിനെ കൂടുതല്‍ കരുത്തുറ്റതാക്കുവാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനിച്ചതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍കൂടിയായ ഫാ. തോമസ് മറ്റമുണ്ടയിലിനെ ഇന്‍ഫാം ദേശീയ ചെയര്‍മാനായി നിയമിച്ചത്. ഇന്‍ഫാം ചുമതല വഹിക്കുന്ന ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയാണ് കാഞ്ഞിരപ്പള്ളി ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ പേര് ദേശീയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഇന്‍ഫാം ദേശീയ സമിതി ഫാ. മറ്റമുണ്ടയിലിനെ ദേശീയ ചെയര്‍മാനായി നിര്‍ദേശിച്ച് കെസിബിസിക്ക് കത്ത് നല്‍കി.  എറണാകുളം പിഒസിയില്‍ ചേര്‍ന്ന 3 ദിവസത്തെ കെസിബിസി വര്‍ഷകാല സമ്മേളനമാണ് ഫാ. തോമസ് മറ്റമുണ്ടയിലിനെ ദേശീയ ചെയര്‍മാനായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തോട്ടം പുരയിടം വിഷയത്തില്‍ മുമ്പ് നടത്തിയ ഇന്‍ഫാം സമരങ്ങള്‍, കര്‍ഷകര്‍ക്ക് ഭൂമിരേഖകള്‍ തിരുത്തി നല്‍കി പ്രശ്‌ന പരഹാരത്തിലേയ്ക്ക് എത്തിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഇന്‍ഫാം സമ്മേളനത്തിന് മുന്നോടിയായി 500 ഇന്‍ഫാം വോളണ്ടിയര്‍മാരെ അണിനിരത്തി രൂപം നല്‍കിയ പ്രത്യേക പരിശീലനം ലഭിച്ച ‘ ഇന്‍ഫാം അഗ്രി ഫോഴ്‌സ് ‘ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ സന്നദ്ധ സേനയായി മാറി. ഇതോടെയാണ് ഇന്‍ഫാമിനെ കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയ്ക്ക് പുറത്തേയ്ക്കും ആദ്യകാലങ്ങളിലേതുപോലെ അതിശക്തമായ കാര്‍ഷിക മുന്നേറ്റമായി വളര്‍ത്തിയെടുക്കണമെന്ന ചര്‍ച്ച കത്തോലിക്കാ സഭയില്‍ ആരംഭിച്ചത്. ശക്തമായ പ്രവര്‍ത്തന പാരമ്പര്യവും സംഘടനാശേഷിയും പ്രൊഫഷണല്‍ മികവും തെളിയിച്ച കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. തോമസ് മറ്റുണ്ടയിലിനെ തന്നെ ദേശീയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് ഇതു കൊണ്ടുതന്നെയാണ് . ഒരു വര്‍ഷം മാത്രം മലനാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നത് രണ്ടു കോടിയിലധികം രൂപയാണ്. പ്രളയ കാലത്തും കോവിഡ് കാലത്തും സംസ്ഥാനമൊട്ടാകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിടത്തൊക്കെയും കാഞ്ഞിരപ്പള്ളിയിലെയും നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പാലും ബ്രഡും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ കിറ്റിലാക്കി നല്‍കിയ മലനാടിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരു നാട് ഒന്നടങ്കം ഏറ്റുവാങ്ങിയതാണ്. 2025 -ല്‍ സില്‍വര്‍ ജൂബിലിയിലേയ്ക്ക് പ്രവേശിക്കുന്ന ഇന്‍ഫാമിനെ കരുത്തുറ്റ കാര്‍ഷിക മുന്നേറ്റമായി വളര്‍ത്തിയെടുക്കുക എന്ന ദൗത്യമാകും ഫാ. തോമസ് മറ്റമുണ്ടയിലിന് വന്നുചേരുക .പ്രവര്‍ത്തന മികവിന്റെ ,കരുത്തിന്റെ ,സ്‌നേഹത്തിന്റെ കരുതലിന്റെ പ്രതീകമായ ഫാ .തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ സ്ഥാനത്തോടൊപ്പം മലനാട് ഡയറക്റ്റര്‍ സ്ഥാനത്തും തുടരുമെന്നും അധികൃതര്‍ പറഞ്ഞു .