Friday, May 17, 2024
indiaNewspolitics

അസമില്‍ പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു

അസമില്‍ പ്രമുഖ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു.കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. എംഎല്‍എ സുശാന്ത ബോര്‍ഗോഹെയിന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രണ്ട് തവണ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തോവ്റ സീറ്റില്‍ നിന്ന് വിജയിച്ച നേതാവാണ് സുശാന്ത. അതിലുപരി അപ്പര്‍ അസമില്‍ നിന്നുള്ള പ്രമുഖ നേതാവാണ് അദ്ദേഹം. ഇതാണ് കോണ്‍ഗ്രസിന്റെ നഷ്ടത്തിന്റെ ആഴം കൂട്ടുന്നത്. അതേസമയം സുശാന്ത അടുത്ത ദിവസം തന്നെ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട് വരുന്നവരെ നേരത്തെ തന്നെ മുഖ്യമന്ത്രി ഹിമന്ത ശര്‍മ സ്വാഗതം ചെയ്യുന്നുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാതെ പോയതിന് ശേഷം കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് പാര്‍ട്ടി നേരിടുന്നത്. പുതിയ അധ്യക്ഷനായി ഭൂപന്‍ ബോറയെ നിയമിച്ചിട്ടും കോണ്‍ഗ്രസിന് കൊഴിഞ്ഞുപോക്കിനെ നിയന്ത്രിക്കാനായിട്ടില്ല. കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയ.അന്തരീക്ഷം മാറിയെന്നും, ഇപ്പോഴുള്ളതില്‍ തനിക്ക് തുടരാനാവില്ലെന്നും സുശാന്ത പറയുന്നു. പാര്‍ട്ടി വിടാന്‍ താന്‍ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ ഇപ്പോഴുള്ള സാഹചര്യം ശരിക്കും വേദനിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തമായി നിലനിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഒന്നും നടന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനൊരു തീരുമാനമെടുക്കുന്നതെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സുശാന്ത് സംസ്ഥാന അധ്യക്ഷന് അയച്ച കത്തില്‍ പറയുന്നു. അതേസമയം ഹിമന്ത ശര്‍മ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കോണ്‍ഗ്രസ് വിടുന്ന രണ്ടാമത്തെ എംഎല്‍എയാണ് സുശാന്ത ബോര്‍ഗോഹെയിന്‍. കഴിഞ്ഞ മാസം രൂപജ്യോത് കുര്‍മിയും പാര്‍ട്ടി വിട്ടിരുന്നു. നാല് തവണ എംഎല്‍എയായിരുന്നു രൂപ്ജ്യോതി.

സുശാന്ത ബോര്‍ഗോഹെയിന്‍ ബിജെപിയുടെ കുശാല്‍ ദോവാരിയെ 2049 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അതേസമയം രണ്ടാമത്തെ എംഎല്‍എ കൂടി പോയതോടെ കോണ്‍ഗ്രസിന്റെ അംഗബലം സംസ്ഥാനത്ത് 27 ആയി ചുരുങ്ങിയിരിക്കുകയാണ്. 29 സീറ്റാണ് പാര്‍ട്ടി നേരത്തെ തിരഞ്ഞെടുപ്പില്‍ നേടിയിരുന്നത്. എന്നാല്‍ ബദറുദ്ദീന്‍ അജ്മലുമായുള്ള സഖ്യം കാരണം അസമില്‍ കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ സാധിച്ചിരുന്നില്ല.