Friday, May 17, 2024
keralaNews

കളിക്കാന്‍ കൂട്ടുകാരില്ലാത്തതിനാല്‍ നാട് വിട്ടു. കുട്ടിയെ തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചു കിട്ടി

കാണാതായ കുട്ടിയെ തിരഞ്ഞു കിട്ടി. കളിക്കാന്‍ കൂട്ടുകാരില്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ നാമക്കലിലേക്ക് നടന്നു പോവാന്‍ ശ്രമിച്ചതാണ് ഒന്‍പതുവയസുകാരന്‍. വല്ലച്ചിറ നിന്ന് പുറപ്പെട്ട കുട്ടിയെ 30 കിലോമീറ്റര്‍ അകലെ കൊടകരയില്‍ നിന്നാണ് കണ്ടെത്തിയത്.സഹോദരിയുടെയും കൂട്ടുകാരുടെയും അടുത്തെത്തുക ലക്ഷ്യമിട്ടാണ് കുട്ടി നടത്തം ആരംഭിച്ചത്. കാണാതായി 12 മണിക്കൂര്‍ പിന്നിട്ടതിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. വല്ലച്ചിറ ഓടന്‍ചിറ റഗുലേറ്ററിനടുത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളുടെ മകനാണ് കൂട്ടുകാരില്ലാത്ത വിഷമത്തില്‍ നാടുവിടാന്‍ തീരുമാനിച്ചത്.

കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതോടെ നാട്ടുകാര്‍ സമൂഹമാധ്യമങ്ങളില്‍ കുട്ടിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചും അന്വേഷിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ടിരുന്ന ഒരു ഓട്ടോ ഡ്രൈവര്‍ രാത്രി കൊടകരയില്‍ വച്ച് കുട്ടിയെ തിരിച്ചറിഞ്ഞു. തന്നെ തമിഴ്‌നാട്ടിലെ സഹോദരിയുടെ അടുത്തെത്തിക്കണണമെന്നാവശ്യപ്പെട്ടാണ് കുട്ടി ഓട്ടോക്കാരനെ സമീപിച്ചത്.

ഓട്ടോക്കൂലിയായി 50 രൂപയും നീട്ടി. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ട നമ്പറിലേക്ക് വിളിച്ചറിയിച്ചത് അനുസരിച്ചു വീട്ടുകാര്‍ എത്തുമ്പോഴേക്ക് കുട്ടി സഥലം വിട്ടിരുന്നു. ഓട്ടോ ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തില്‍ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞു. പിന്നാലെ മറ്റൊരു സ്ഥലത്ത് കുട്ടിയെ കണ്ട് സംശയം തോന്നിയവര്‍ രാത്രി പത്തുമണിയോടെ കൊടകര സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ തമിഴ്‌നാട്ടിലെ വീട്ടില്‍ നിന്നു 15 ദിവസം മുന്‍പാണ് മാതാപിതാക്കള്‍ വല്ലച്ചിറയിലേക്കു കൊണ്ടുവന്നത്. ഇവിടെ കൂട്ടുകാര്‍ ഇല്ലാത്തതിന്റെ വിഷമത്തിലാണ് താന്‍ സഹോദരിയുടെയും സുഹൃത്തുക്കളുടെയും അടുത്തേക്കു പോകാന്‍ ശ്രമിച്ചതെന്നു കുട്ടി പറഞ്ഞു.