Thursday, May 16, 2024
keralaNews

പുനലൂര്‍- പൊന്‍കുന്നം റോഡ് ; എട്ട് മാസമായി വീട്ടിലേക്ക് വാഹനം കയറ്റാന്‍ പറ്റാത്ത സ്ഥിതി

പത്തനംതിട്ട : കോടികള്‍ മുടക്കി നിര്‍മിക്കുന്ന പുനലൂര്‍- പൊന്‍കുന്നം റോഡില്‍ ഉതിമൂട് വലിയ കലുങ്ക് ഭാഗത്തെ അശാസ്ത്രീയമായ നിര്‍മാണം ട്രക്കുകള്‍, വലിയ ഭാരവാഹനങ്ങള്‍ എന്നിവയുടെ ഗതാഗതത്തിനു തടസ്സമാകും. കെഎസ്ടിപി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി 737.64 കോടി രൂപ ചെലവിലാണ് 82.11 കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് വികസിപ്പിക്കുന്നത്. 3 ഘട്ടമായി തിരിച്ചാണ് കരാര്‍ നല്‍കിയത്. ഇതില്‍ കോന്നി മുതല്‍ പ്ലാച്ചേരി വരെ 30.16 കിലോമീറ്ററിന് 274.24 കോടി രൂപയാണ് ചെലവ്. ഈ ഭാഗത്താണ് ഉതിമൂട് വലിയ കലുങ്ക്. ഇവിടെ പമ്പാ ജലസേചന പദ്ധതിയുടെ കനാല്‍ റോഡിനു മുകളിലൂടെ കടന്നു പോകുന്നുണ്ട്. ഉയരം കൂടിയ ട്രക്കുകള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ പറ്റാത്ത വിധത്തിലാണ് ഇപ്പോഴത്തെ നിര്‍മാണം. ഇവിടെ നിര്‍മിക്കുന്ന കലുങ്ക് നിലവിലുള്ള റോഡിനേക്കാള്‍ ഉയരത്തിലാണ്.

കനാല്‍ പാലത്തിന്റെ ഭാഗത്ത് റോഡ് അല്‍പം കൂടു താഴ്ത്തി നിര്‍മിക്കാനായിരുന്നു ആദ്യം കരാറുകാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ റോഡ് താഴ്ത്തിയാല്‍ വെള്ളം കയറും. ചതുപ്പുനിലമായതിനാല്‍ റോഡ് താഴ്ത്തിയാല്‍ വേഗം കുണ്ടും കുഴിയുമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ കനാല്‍ പാലവുമായി നിലവിലുള്ള അതേ ഉയരം കിട്ടുന്ന വിധത്തില്‍ റോഡ് നിര്‍മിക്കാനാണ് കെഎസ്ടിപി കരാറുകാര്‍ക്ക് നല്‍കിയ നിര്‍ദേശം. വലിയ തടി ലോറികള്‍ വന്നാല്‍ പോലും ഇവിടെ കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാകും. ഇവിടെ അടുത്തിടെ ലോറികളില്‍ കയറ്റി കൊണ്ടുവന്ന വലിയ മണ്ണുമാന്തി യന്ത്രത്തിന് ഉയരം കൂടുതലായതിനാല്‍ കനാലിന്റെ ഭാഗത്ത് കടക്കാന്‍ കഴിഞ്ഞില്ല. ലോറിയില്‍ നിന്നു മണ്ണുമാന്തി ഇറക്കി അപ്പുറം കടന്നശേഷം വീണ്ടും കയറ്റിയാണ് കൊണ്ടുപോയത്.

കോടികള്‍ മുടക്കി നിര്‍മിക്കുന്ന റോഡ് ചരക്ക് ഗതാഗതത്തിനു പ്രയോജനപ്പെടാത്ത സ്ഥിതിയാകുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഇവിടെ മേല്‍പാലം നിര്‍മിച്ചാലേ പൂര്‍ണ പരിഹാരം ഉണ്ടാകൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കനാലിന്റെ ഭാഗത്തു വളച്ചാണ് റോഡ് വരുന്നത്. കനാല്‍ പാലത്തിന്റെ തൂണില്‍ വാഹനങ്ങള്‍ ഇടിച്ച് അപകടത്തിനും സാധ്യതയുണ്ട്. അതിനിടെ റോഡിനായി ഏറ്റെടുത്ത സ്ഥലം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. എല്ലാ സ്ഥലങ്ങളിലും സംരക്ഷണഭിത്തി കെട്ടുന്നില്ല. നിലവിലുള്ള റോഡ് കുത്തിയിളക്കാതെ ചില സ്ഥലങ്ങളില്‍ മെറ്റലിങ് നടക്കുന്നതായും ആക്ഷേപമുണ്ട്.