Sunday, May 5, 2024
keralaNews

കല്ലാറ്റില്‍ ചരിഞ്ഞ പിടിയാനയെ വനപാലകര്‍ ദഹിപ്പിച്ചു.

പത്തനംതിട്ട കല്ലാറ്റില്‍ ചരിഞ്ഞ പിടിയാനയെ വനപാലകര്‍ ദഹിപ്പിച്ചു. കൂടെ നിലവിളിച്ച് കാവല്‍ നിന്ന കുട്ടിക്കൊമ്പനെ വിരട്ടിയോടിച്ച ശേഷമാണ് ആനയെ ദഹിപ്പിച്ചത്. തീറ്റയെടുക്കാനാകാതെ വന്നതാണ് പിടിയാന ചരിയാന്‍ കാരണം. കുട്ടിക്കൊമ്പന്റെ മുത്തശ്ശിയാണ് ചരിഞ്ഞ പിടിയാനയെന്നാണ് നാട്ടുകാര്‍ പറയുന്നത്.കഴിഞ്ഞ ദിവസമാണ് തേക്കുതോട് ജനവാസ കേന്ദ്രത്തിന് സമീപം പിടിയാന ചെരിഞ്ഞത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പന്‍ ഏറെ നേരം നിലവിളിയോടെ ജഡത്തിന് കാവല്‍ നിന്നു. തുമ്പിക്കൈ വെള്ളത്തിലടിച്ചും കല്ലാറ്റില്‍ ചുറ്റിത്തിരിഞ്ഞും ഏറെനേരം കാവല്‍ തുടര്‍ന്നു.
കുട്ടിക്കൊമ്പന് ഏഴു വയസോളം പ്രായം വരും. ചെരിഞ്ഞ പിടിയാനയ്ക്ക് 45 വയസും. ദിവസങ്ങളായി രാത്രിയില്‍ പിടിയാനയും കുട്ടിക്കൊമ്പനും സമീപത്തെ റബര്‍തോട്ടത്തിലും വനാതിര്‍ത്തിയിലും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുട്ടിക്കൊമ്പനെ വിരട്ടിയോടിച്ച ശേഷം ജഡം ഒഴുകിപ്പോകാതെ വടം കെട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു. കല്ലാറ്റില്‍നിന്ന് മണ്ണുമാന്ത്രിയന്ത്രത്തില്‍ വടം കെട്ടിയാണ് ജഡം കരയ്ക്കടുപ്പിച്ചത്.പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം ദഹിപ്പിച്ചു. കാടുകയറിയ കുട്ടിക്കൊമ്പന്‍ ഇന്നലെയും വനാതിര്‍ത്തിയില്‍ എത്തിയിരുന്നു. അവശയായ പിടിയാനയ്ക്ക് തുണയായി കൊമ്പന്‍ കാവല്‍ നിന്നു എന്നാണ് വനപാലകരുടെയും വിലയിരുത്തല്‍. പിടിയാന ചെരിഞ്ഞെങ്കിലും സങ്കടത്തോടെ നിലവിളിച്ച് കാവല്‍ നിന്നു. ഏറെ പരിശ്രമിച്ചാണ് വനപാലകര്‍ കുട്ടിക്കൊമ്പനെ പിടിയാനയുടെ ജഡത്തിന് സമീപത്തുനിന്ന് മാറ്റിയത്.