Friday, May 17, 2024
AgriculturekeralaNews

കല്ലടയില്‍ സൂര്യനെ വരവേല്‍ക്കാന്‍ വെള്ളത്താമര വിരിഞ്ഞു

വെള്ളത്താമര മൊട്ടുപോലെ വെള്ളക്കല്‍ പ്രതിമ പോലെ കണ്ണിന് വിരുന്നായി പടിഞ്ഞാറെ കല്ലടദേശത്ത് ഓണത്തിന് മുമ്പേ വെള്ളത്താമര പൂവിട്ടു. കാരാളിമുക്ക് കടപുഴ, കടപ്പാക്കുഴി ജംഗ്ഷന് സമീപത്താണ് അഞ്ച് ഏക്കറോളം വരുന്ന പാടം നിറയെ താമരപ്പൂക്കളുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെളിയും മണലും എടുത്ത് കുഴിയായി മാറിയ ഇടമാണ് ഇപ്പോള്‍ വെള്ളം നിറഞ്ഞ താമരപ്പാടമായി പൂത്തുലഞ്ഞത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മുണ്ടകപ്പാടം നെല്‍ക്കൃഷിയാല്‍ സമൃദ്ധമായിരുന്നു. നൂറുമേനി വിളവ് തന്നിരുന്ന പാടമൊക്കെ ചെളിയെടുപ്പുകാര്‍ നോട്ടമിട്ടതോടെ കാലക്കേട് തുടങ്ങി.

200 ഏക്കറിലധികം സ്ഥലത്ത് നിന്ന് ഭൂഉടമകള്‍ ചെളിയും മണലും ഖനനം ചെയ്ത് വിറ്റു. ഇവിടം സോളാര്‍ പാടമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതികളില്‍ ഒന്നാണ് ഈ പാടശേഖരത്ത് നടപ്പിലാക്കുക. എന്‍.എച്ച്.പി.സി (നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍) യും ഡബ്ല്യു .കെ.എന്‍.സി.ഇ.പി.പി.എല്‍ (വെസ്റ്റ് കല്ലട നോണ്‍ കണ്‍വെന്‍ഷണല്‍ എനര്‍ജി പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) ഉം ചേര്‍ന്ന് ഭൂഉടമകളുടെ സ്ഥലം 25 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്തിരിക്കുകയാണ്. 304 ഏക്കര്‍ പാടശേഖരത്ത് 250 കോടി രൂപ ചെലവില്‍ പ്രതിദിനം 50 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പ്പാദിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നത്.