Saturday, May 18, 2024
keralaNews

നടി ശരണ്യ ശശിയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി.

നടി ശരണ്യ ശശിയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. ഭാരത് ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു ചടങ്ങുകള്‍. ഇന്നലെയായിരുന്നു ശരണ്യയുടെ മരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തോടുള്ള വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശരണ്യ വിടവാങ്ങിയത്.നിരവധി തവണ അര്‍ബുദത്തെ തോല്‍പ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവര്‍ക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയില്‍, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായി.രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദര്‍ശന്‍ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി (സൂര്യ), അവകാശികള്‍ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോല്‍ക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാര്‍ (മഴവില്‍ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു.

സീരിയലുകള്‍ക്ക് പുറമേ ചാക്കോ രണ്ടാമന്‍, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹര്‍ലാല്‍ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്‌കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലിറ്ററേച്ചറില്‍ ബിരുദവും നേടിയിട്ടുണ്ട്.