Saturday, May 11, 2024
keralaNews

കല്യാണിയുടെ ദുരൂഹത മരണം: മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: നിരവധി കേസുകളില്‍ നിര്‍ണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തില്‍ 3 പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയും എടുത്തു കഴിഞ്ഞു. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്നു കല്യാണി.

ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത് കഴിഞ്ഞ മാസം 20 നായിരുന്നു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ദുരുഹതകള്‍ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളില്‍ കണ്ടെത്തിയ വിഷാംശമാണ് സംശയങ്ങള്‍ക്ക് പിന്നില്‍. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് നായയുടെ ആന്തരിക അവയവങ്ങള്‍ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിഷാംശം കണ്ടെത്തിയ പശ്ചാത്തലത്തില്‍ കെ 9 സ്‌ക്വാഡിലെ മറ്റ് നായകളെ പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങളില്ല. കല്യാണിയുടെ ഉള്ളില്‍ മാത്രം എങ്ങനെ വിഷം എത്തിയെന്നതിലാണ് വ്യക്തത വരേണ്ടത്.

പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മൂന്ന് പൊലീസുകാര്‍ക്കതിരെ നടപടി എടുത്തിരിക്കുന്നത്. ഡോഗ് സ്‌ക്വാഡ് എസ് ഐ ഉണ്ണിത്താന്‍, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ഡോഗ് സ്‌ക്വാഡിലെ പൊലീസുകാര്‍ക്കിടയിലെ തര്‍ക്കങ്ങളാണോ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലെന്‍സ് പുരസ്‌ക്കാരം അടക്കം നിരവധി ബഹുമതികള്‍ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.