Sunday, April 28, 2024
keralaNewsObituary

കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ് ; നാട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങി

വയനാട്: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവച്ച് കൊല്ലാന്‍ ഉത്തരവ്. ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍ പറയുന്നത്. ഉത്തരവിറക്കിയതോടെ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു. മരിച്ച പ്രജീഷിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്നലെ രാവിലെ പതിവുപോലെ പശുവിന് പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്ന് സംഘങ്ങളായിട്ടാണ് പ്രദേശത്ത് വനംവകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഈ വര്‍ഷം മാത്രം രണ്ടും, എട്ടുവര്‍ഷത്തിനിടെ ഏഴ് പേരുമാണ് വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.