Monday, April 29, 2024
AgriculturekeralaNews

കര്‍ഷക പ്രക്ഷോഭത്തിന് ആലപ്പുഴയിലെ തൊഴിലാളികളുടെ ഐക്യദാര്‍ഢ്യം

രാജ്യത്ത്ശക്തമായി വളര്‍ന്നുവരുന്ന കര്‍ഷക സമരത്തിന് ആലപ്പുഴയിലെ തൊഴിലാളി ജനതയുടെ ഐക്യദാര്‍ഢ്യം. ഹരിതാഭമായ നെല്‍വയലുകള്‍ തൊഴിലാളികളുടെ പ്രതിഷേധാഗ്‌നിയില്‍ ജ്വലിച്ചു. സിഐടിയുവിന്റെ നേതൃത്വത്തില്‍ ‘വയലുകളില്‍ പകല്‍പ്പന്തം’ കൊളുത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. പിന്തിരിയാത്ത പോരാളികള്‍ക്ക് പിന്തുണയുമായി 200 കേന്ദ്രങ്ങളിലാണ് പകല്‍പന്തം തെളിച്ചത്. നൂറുകണക്കിന് തൊഴിലാളികളും കൃഷിക്കാരും പങ്കെടുത്തു. കൈനകരിയില്‍ രക്തസാക്ഷികളായ കെ ജെ ജോസഫും ടി കെ വാസുവും മരിച്ചുവീണ പുത്തന്‍തുരം പാടശേഖരത്തില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എച്ച് സലാം അധ്യക്ഷനായി. എ മഹേന്ദ്രന്‍, എസ് സുധിമോന്‍, സനല്‍കുമാര്‍, കെ എസ് അനില്‍കുമാര്‍, എം സി പ്രസാദ്, കെ എച്ച് ലേഖ, രഘുവരന്‍, സജിമോന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന കര്‍ഷകത്തൊഴിലാളിക്ക് കുരീപ്പുഴ ശ്രീകുമാര്‍ അഗ്‌നി പകര്‍ന്നുനല്‍കി.

ആലപ്പുഴ നോര്‍ത്ത് ഏരിയതല ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാര്‍ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് വി എം ഹരിഹരന്‍ അധ്യക്ഷനായി. ആലപ്പുഴ സൗത്ത് ഏരിയയില്‍ പള്ളാത്തുരുത്ത് പാടശേഖരത്തില്‍ സിഐടിയു ഏരിയ പ്രസിഡന്റ് എം എം ഷറീഫ് ഉദ്ഘാടനംചെയ്തു. എന്‍ പവിത്രന്‍ അധ്യക്ഷനായി. സി മുകുന്ദന്‍ സംസാരിച്ചു. പോഞ്ഞിക്കരയില്‍ നടന്ന സമരം ഗോപാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എ സുരേഷ് സ്വാഗതം പറഞ്ഞു. ടി പി നരേന്ദ്രന്‍ അധ്യക്ഷനായി.

കുട്ടനാട് ഏരിയാ തല ഉദ്ഘാടനം കുന്നംകരി കരിമീന്‍തടം പാടശേഖരത്തില്‍ കെ കെ അശോകന്‍ നിര്‍വഹിച്ചു. കുട്ടനാട്ടില്‍ 50 പാടശേഖരങ്ങളില്‍ പരിപാടി നടത്തി. അരൂരില്‍ സി വി ജോയി ഉദ്ഘാടനംചെയ്തു. പി ടി പ്രദീപന്‍ പങ്കെടുത്തു. ചേര്‍ത്തല ടൗണ്‍ ഈസ്റ്റില്‍ കെ പ്രസാദ്, കഞ്ഞിക്കുഴി മരുത്തോര്‍വട്ടത്ത് കെ കെ ചെല്ലപ്പന്‍, മാരാരിക്കുളം കോമളപുരത്ത് സി കുശന്‍, ആലപ്പുഴ സൗത്ത് ഗാന്ധിവിലാസത്തില്‍ എം എം ഷെരീഫ്, അമ്ബലപ്പുഴ ഏരിയയിലെ പുന്നപ്ര നോര്‍ത്തില്‍ ജെ ജയകുമാര്‍, കാര്‍ത്തികപ്പള്ളി മുതുകുളത്ത് കെ കരുണാകരന്‍, ചാരുംമൂട് താമരക്കുളത്ത് പി രാജന്‍, മാവേലിക്കര വെട്ടിക്കാട് എസ് അനിരുദ്ധന്‍, ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍ കെ കെ ചന്ദ്രന്‍, മാന്നാര്‍ പുലിയൂരില്‍ കെ പി പ്രദീപ് , എക്‌സ്‌റേ മേഖലയില്‍ ജില്ലാപഞ്ചായത്ത് അംഗം പി എസ് ഷാജി എന്നിവര്‍ ഉദ്ഘാടനംനിര്‍വഹിച്ചു.