Friday, May 10, 2024
keralaNews

കര്‍ഷകനോട് കെഎസ്ഇബിയുടെ ക്രൂരത: കെഎസ്ഇബി വെട്ടി 460 കുലച്ച് കുലകള്‍

തിരുവനന്തപുരം: ഒരു കര്‍ഷകന്‍ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണ്. ഒരു കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്ന് കൃഷി മന്ത്രി പി പ്രസാദ്.കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു മന്ത്രി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി. ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല.                                                                    വൈദ്യുതാഘാതം മൂലം ഒരു ജീവന്‍ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. തോമസിന്റെ മകന്‍ അനീഷുമായി സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഓണ വിപണിയിലെത്തേണ്ടിയിരുന്ന 460 വാഴക്കുലകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബം. വാഴക്കൈകള്‍ വെട്ടി അപകട സാധ്യതകള്‍ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കര്‍ഷക കുടുംബത്തിനുള്ളത്. വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചു.ഈ വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണം വിപണി ലക്ഷ്യമാക്കി വാഴകൃഷി നടത്തിയ അനീഷ് കെഎസ്ഇബി ജീവനക്കാരുടെ നടപടിയില്‍ വിഷമത്തിലാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് പറഞ്ഞു. വെട്ടി നശിപ്പിച്ചതില്‍ മിക്കതും കുലച്ച വാഴകളാണ്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അനീഷ് പറഞ്ഞു. വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്ന സ്ഥലമാണിത്. പല പ്രാവശ്യവും വാഴകള്‍ കൃഷി ചെയ്തിട്ടുണ്ട്. ഇതിനു മുമ്പൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരെത്തി 406 വാഴകള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വാഴകൃഷി ചെയ്യരുതെന്നോ പറഞ്ഞിരുന്നില്ല. ഓണം വിപണി ലക്ഷ്യമിട്ട് ചെയ്തതായിരുന്നു കൃഷി. ഓണത്തിന് അനുബന്ധിച്ച് വെട്ടേണ്ട കുലകളായിരുന്നു വെട്ടി നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.