Thursday, May 16, 2024
HealthkeralaNews

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്, െറഡ് അലര്‍ട്ടുകളില്ല. എട്ടു ജില്ലകളില്‍ െയലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളത്ത് പരക്കെപെയ്ത മഴയില്‍ ജനം ബുദ്ധിമുട്ടി. പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇന്നലെ മഴ ശക്തമായിരുന്ന മിക്ക ജില്ലകളിലും വെയില്‍ കണ്ടത് ആശ്വാസമായി.മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്നും കേരള തീരത്തു നിന്ന് മല്‍സ്യബന്ധനം വിലക്കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. ഇതിനിടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപമെടുത്തു. കര്‍ണാടക, ഗോവ തീരത്തിനടുത്തായാണ് അറബികടലിലെ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്. ആന്‍ഡമാന്‍കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദം 18ാം തീയതിയോടെ തമിഴ്‌നാട് ആന്ധ്ര തീരത്തേക്ക് അടുക്കും. ഇവയുടെ സ്വാധീനത്തില്‍ കേരളത്തില്‍വ്യാപകമായ മഴലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കന്‍ജില്ലകളിലും മലയോര മേഖലയിലും അതിശക്തമായ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. പരക്കെ പെയ്ത മഴയില്‍ കൊച്ചി നഗരത്തില്‍ ഗതാഗതക്കുരുക്കിന് പുറമെ ഉള്‍റോഡുകളില്‍ വെള്ളക്കെട്ടും ഉണ്ടായി. ജില്ലയുടെ കിഴക്കന്‍ മേഖലയിലടക്കം നിലവില്‍ മഴ തുടരുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞു. വടക്കന്‍ ജില്ലകളില്‍ രാത്രി മുതല്‍ തുടര്‍ന്ന മഴ രാവിലെയോടെ ശമിച്ചു. കോഴിക്കോട് നഗരത്തിലും മലയോര മേഖലയായ തിരുവമ്പാടി, താമരശേരി, കോടഞ്ചേരി എന്നിവിടങ്ങളിലും മഴ ശക്തമായിരുന്നെങ്കിലും നാശനഷ്ടങ്ങളില്ല. നഗരത്തിലെ താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. രണ്ടുദിവസം മുന്‍പ് വെള്ളംകയറിയ പ്രദേശങ്ങളില്‍നിന്ന് വെള്ളമിറങ്ങി. നാഗര്‍കോവില്‍ ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം നാലാംദിവസവും പുനസ്ഥാപിക്കാനായില്ല.