Sunday, April 28, 2024
indiaNewspolitics

കര്‍ണാടക രാജ്യ പ്രഗതി പക്ഷ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടക മുന്‍ മന്ത്രി ജനാര്‍ദ്ധന റെഡ്ഡിയും, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കര്‍ണാടക രാജ്യ പ്രഗതി പക്ഷ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. കര്‍ണാടക ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും – എന്‍ഡിഎയ്ക്കും ഇരട്ടി കരുത്ത് പകരുന്നതാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ തിരിച്ചുവരവ്. മുതിര്‍ന്ന നേതാവ് ബി.എസ് യെദ്യൂരപ്പ, ബിജെപി കര്‍ണാടക അദ്ധ്യക്ഷന്‍ വിജയേന്ദ്ര യെദ്യൂരപ്പ, പാര്‍ട്ടി ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ലയനസമ്മേളനം. ജനാര്‍ദ്ധന റെഡ്ഡിയോടൊപ്പം ഭാര്യയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ അരുണ ലക്ഷ്മിയും പാര്‍ട്ടിയില്‍ ചേര്‍ന്നു. ബെല്ലാരി ലോക്സഭ സിറ്റില്‍ ജനാര്‍ദ്ധന റെഡ്ഡി മത്സരിക്കും. സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് ആയിരുന്നു ജനാര്‍ദ്ധന റെഡ്ഡിയുടെ പ്രതികരണം. പ്രധാനമന്ത്രിയെ മൂന്നാമൂഴത്തിനായും പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരുപാധികമാണ് ബിജെപിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നതെന്നും ഒരു പദവിയും ആഗ്രഹമില്ലെന്നും ജനാര്‍ദ്ധന റെഡ്ഡി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ മന്ത്രി ഗോവിന്ദ് കര്‍ജോള്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റെഡ്ഡി തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്നു ജനാര്‍ദ്ധന റെഡ്ഡി. 2022-ല്‍ ബിജെപി വിട്ട റെഡ്ഡി കര്‍ണാടക രാജ്യ പ്രഗതി പക്ഷ (കെആര്‍പിപി) എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.