Saturday, April 27, 2024
keralaNews

കോട്ടയത്ത് സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

കോട്ടയം: നാഗമ്പടത്ത് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഭാര്യക്ക് ദാരുണാന്ത്യം.കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം നടന്നത്. ഭര്‍ത്താവിന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ബിനോയിയുടെ പിറന്നാള്‍ ദിനമായതിനാല്‍ ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. എം. സി റോഡില്‍ കോട്ടയം നാഗമ്പടം പാലത്തിലേക്ക് കടക്കുമ്പോഴാണ് ബിനോയി ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി തട്ടിയത്.തുടര്‍ന്ന് റോഡിന് നടുവിലേക്ക് തലയിടിച്ച് വീണപ്പോഴുണ്ടായ ഗുരുതര പരിക്കാണ് പ്രിയയുടെ മരണത്തിന് കാരണമായത്. ബിനോയ് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.