Tuesday, April 30, 2024
indiaNewspolitics

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്.ശക്തികേന്ദ്രങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടറിന്റെ ലീഡ് നില മാറി മറിയുന്നു. കര്‍ണാടക പിസിസ അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിനു പിന്നില്‍ മൂന്നാം സ്ഥാനത്താണ്. നിര്‍ണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 500, 1000 വോട്ടുകള്‍ മാത്രം ലീഡ് നിലയുള്ള 30 ല്‍ പരം സീറ്റുകളാകും അവസാന മണിക്കൂറുകളിലെ കക്ഷിനിലയില്‍ നിര്‍ണായകമാകുക. 7 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മുന്നില്‍. ഇവരില്‍ പലരും കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.

ബിജെപി മന്ത്രിമാരില്‍ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പിന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിലെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആവേശത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.