Tuesday, May 21, 2024
keralaNews

അഞ്ച് യുവതികള്‍ക്ക് മകളുടെ വിവാഹവേദിയില്‍ മംഗല്യഭാഗ്യമൊരുക്കി പ്രവാസി

എടച്ചേരി: അഞ്ച് യുവതികള്‍ക്കു കൂടി മകളുടെ വിവാഹനാളില്‍ മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം. ഈ സ്നേഹവായ്പിനു മുന്നില്‍ ജാതിമതഭേദമെല്ലാം അലിഞ്ഞില്ലാതായി. തലായി എടച്ചേരി കാട്ടില്‍ സാലിമിന്റെയും റുബീനയുടെയും മകള്‍ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിന് സാക്ഷ്യം വഹിച്ചത്. വയനാട്, എടച്ചേരി, ഗൂഡല്ലൂര്‍, മലപ്പുറം, മേപ്പയ്യൂര്‍ എന്നിവിടങ്ങളിലെ അഞ്ച് യുവതികള്‍ക്കാണ് റമീസയുടെ വിവാഹവേദിയില്‍ മംഗല്യഭാഗ്യമുണ്ടായത്. ഇതില്‍ രണ്ട് യുവതികളുടേത് ഹൈന്ദവ വിധിപ്രകാരം താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്ലാമിക വിധിപ്രകാരം നിക്കാഹുമായിരുന്നു. മുനവ്വറലി ശിഹാബ് തങ്ങള്‍ വിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കി. മകള്‍ ഉള്‍പ്പെടെ ആറു യുവതികള്‍ക്കും സാലിം 10 പവന്‍ വീതം സ്വര്‍ണാഭരണം നല്‍കി. എല്ലാവര്‍ക്കും ഒരേതരം വസ്ത്രങ്ങള്‍. ചടങ്ങിന് മാറ്റ് കൂട്ടാന്‍ നാദസ്വരവും ഒപ്പനയുമുണ്ടായി.

സ്ത്രീധനം ചോദിക്കുന്നവര്‍ക്ക് മകളെ വിവാഹം ചെയ്തുനല്‍കില്ല എന്നത് സാലിമിന്റെ നേരത്തേയുള്ള തീരുമാനമായിരുന്നു. ആ സ്ത്രീധനത്തുക കൂടി ചേര്‍ത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികള്‍ക്കും മംഗല്യഭാഗ്യമൊരുക്കണമെന്ന് തീരുമാനിച്ചിരുന്നു. യുവതികളെ കണ്ടെത്താനായി നേരിട്ട് ഓരോ സ്ഥലം സഞ്ചരിച്ചത് വ്യത്യസ്ത അനുഭവമായിരുന്നെന്നും കല്യാണധൂര്‍ത്തും ചെലവുകളും കുറച്ച് ആ പണം ഇത്തരത്തില്‍ ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സാലിം പറഞ്ഞു. കെ.കെ. രമ എം.എല്‍.എ., പാറക്കല്‍ അബ്ദുള്ള, ഡോ. പിയൂഷ് നമ്പൂതിരി, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, മഹല്ല് ഖാദി പി.ടി. അബ്ദുള്‍ റഹിമാന്‍ മൗലവി, കുഞ്ഞുബ എം. കുഞ്ഞബ്ദുള്ള മൗലവി, എന്‍.പി. ഷംസുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.