Friday, May 3, 2024
keralaNews

കരടി പേടിയില്‍ വീണ്ടും വെള്ളനാട് നിവാസികള്‍

തിരുവനന്തപുരം:കരടിയുടേതാണെന്ന സംശയത്തില്‍ കണ്ട വലിയ കാല്‍പ്പാടുകള്‍ വെള്ളനാട് നിവാസികളുടെ ആശങ്ക വീണ്ടും വര്‍ദ്ധിക്കുന്നു.കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം.പ്രദേശത്ത് ഒരു വീട്ടില്‍ 14 കോഴികളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തി. ഇവയുടെ അസ്ഥി മാത്രമായിരുന്നു ഉടമയ്ക്ക് പരിസരപ്രദേശങ്ങളില്‍ നിന്നുമായി ലഭിച്ചത്. കോഴിക്കൂടിന് സമീപമായി കണ്ട വലിയ കാല്‍പ്പാടുകള്‍ കരടിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാരും വനം വകുപ്പും.സംഭവത്തിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ രാത്രി കാലങ്ങളില്‍ വനം വകുപ്പിന്റെ പ്രത്യേക പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ കരടിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞിരുന്നു. പ്രദേശത്ത് കരടിയിറങ്ങിയതായി സമൂഹമാധ്യമങ്ങളിലും പ്രചാരണമുണ്ട്.കരടിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ പ്രത്യേക പരിശോധനയ്ക്കായി പെരിയാര്‍ കടുവ സങ്കേതം ഓഫീസിലേയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പിന്റെ നിര്‍ദേശം.