Friday, April 26, 2024
keralaLocal NewsNewspolitics

കമ്മറ്റിയിൽ ചർച്ച ചെയ്യാത്ത കാര്യങ്ങൾ നടപ്പാക്കുന്നു;   പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.

പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണ് ; പ്രസിഡന്റ്.
എരുമേലി: കമ്മറ്റിയിൽ ചർച്ച ചെയ്യുകയോ -തീരുമാനമെടുക്കുകയോ
ചെയ്യാത്ത കാര്യങ്ങൾ  നടപ്പാക്കുകയാണെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ  പദ്ധതിയായ  പട്ടികജാതി പഠനമുറി പട്ടിക
സംബന്ധിച്ച് ഒരു കമ്മറ്റിയിൽപ്പോലും ചർച്ച ചെയ്തിട്ടില്ല. ചർച്ച ചെയ്ത്  തീരുമാനിക്കാത്ത ഒരു കാര്യം ഡിസംബർ മാസത്തെ കമ്മറ്റിയിൽ ചർച്ച ചെയ്തു തീരുമാനിച്ചുവെന്ന് കാട്ടി 10 നമ്പർ തീരുമാനമായി ഭരണകക്ഷി എഴുതി ചേർക്കുകയായിരുന്നുവെന്നും പ്രതിപക്ഷ അംഗങ്ങൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി എട്ട് ഗുണഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ വിവിധ വാർഡുകളിലായി നിരവധിപേർ അപേക്ഷകർ ഉണ്ടായിട്ടും ശ്രീനിപുരം വാർഡിൽ മാത്രം ആറും , മറ്റ് രണ്ട് വാർഡുകളിൽ ഒരെണ്ണം വീതമാണ് നൽകിയത് .ആനുകൂല്യങ്ങൾ നൽകുന്നതിൽ എതിരല്ലെന്നും എന്നാൽ കമ്മറ്റിയിൽ ചർച്ച ചെയ്യാതെ മിനിട്സിൽ എഴുതി ചേർത്ത്  ഏകപക്ഷീയമായി  ഏകാധിപത്യ ഭരണം നടത്തുകയാണെന്നും ഇവർ പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം മിനിട്സ് നൽകണമെന്നാണ് നിയമം. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും 
മിനിട്സ് നൽകാതെ ഇത്തരത്തിൽ എഴുതി ചേർക്കുന്ന നടപടിയെ നിയമപരമായി  നേരിടുമെന്നും അവർ പറഞ്ഞു. കോവിഡ് കാലത്ത് സാമൂഹിക പ്രവർത്തനങ്ങൾ നടത്തിയവർ നിരവധി പേരാണ് . എന്നാൽ ഇതിന്റെ പേരിൽ  ഒരാൾക്ക് മാത്രം 8600 ലധികം രൂപ   അനധികൃതമായി പഞ്ചായത്ത് കമ്മറ്റി നൽകിയെന്നും അംഗങ്ങൾ പറഞ്ഞു.
ജനപ്രതിനിധികളെന്ന നിലയിൽ പഞ്ചായത്ത് കമ്മറ്റിയിൽ അഭിപ്രായം പറയാനോ – ചർച്ചയോ  പോലും അനുവദിക്കാതെ ഭരണപക്ഷം
ഏകാധിപത്യ ഭരണമാണ് നടത്തുന്നതെന്നും  ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും അംഗങ്ങൾ പറഞ്ഞു.ശനിയാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റി യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എ.ആർ രാജപ്പൻ നായരുടെ നേതൃത്വത്തിൽ നടന്ന പത്രസമ്മേളനത്തിൽ മറ്റ്  അംഗങ്ങളും പങ്കെടുത്തു.
പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണ് ; പ്രസിഡന്റ് .
 
എസ് / സി  പഠനമുറി  പ്രശ്നത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന്  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു. ശ്രീനിപുരം വാർഡിലെ  വിജ്ഞാനവാടിക്ക് നൽകിയ ഫണ്ട് എസ് /സി ഗുണഭോക്താക്കളിൽ പകുതിയിൽ കൂടുതൽ പേർ ഇല്ലാത്തതിനാൽ ചിലവഴിക്കാനായില്ല.ഈ ഫണ്ടും – ബ്ലോക്ക് പഞ്ചായത്ത് പഠനമുറി പദ്ധതിക്കായി  നൽകിയ ഫണ്ടും ചേർത്താണ്  ശ്രീനിപുരം വാർഡിൽ ആറ് പഠനമുറി നൽകിയതെന്നും അവർ പറഞ്ഞു.
യുഡിഎഫ് അംഗങ്ങൾ വികസന പദ്ധതികൾക്ക് എതിരാണെന്നും കഴിഞ്ഞ ദിവസം നടന്ന കമ്മറ്റിയിൽ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൊളിച്ച് നിർമ്മിക്കാനുള്ള ചർച്ച മാറ്റിവയ്ക്കണമെന്ന നിർദ്ദേശം അംഗീകരിക്കാത്തതിന്റെ പേരിലാണ് പ്രതിപക്ഷം ആരോപണവുമായി വരുന്നതെന്നും അവർ പറഞ്ഞു .