Monday, April 29, 2024
keralaNewsObituary

കന്യാസ്ത്രീയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം

കാക്കനാട് (കൊച്ചി) വാഴക്കാല മൂലേപ്പാടം പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സെന്റ് തോമസ് കോണ്‍വന്റിലെ കന്യാസ്ത്രീ ഇടുക്കി കീരിത്തോട് സ്വദേശിനി സിസ്റ്റര്‍ ജെസീനയുടേതു (45) മുങ്ങി മരണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൃത്യമായ നിഗമനത്തിലെത്താനാകൂയെന്നു പൊലീസ് പറഞ്ഞു. മൂന്നു വിലയിരുത്തലിലാണ് അന്വേഷണം. സിസ്റ്റര്‍ ജെസീന അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാകാനുള്ള സാധ്യതയും സ്വയം ചെയ്തതാകാനുള്ള സാധ്യതയുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്ന തെളിവുകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ലെങ്കിലും ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്. സിസ്റ്ററുടെ ഫോണ്‍ വിശദമായ പരിശോധനയ്ക്കു സൈബര്‍ സെല്ലിനു കൈമാറും. പൊലീസിന്റെ ഡോഗ്, ഫൊറന്‍സിക് സ്‌ക്വാഡുകള്‍ സ്ഥലത്തു പരിശോധന നടത്തി. പാറമടയിലെ വെള്ളവും കന്യാസ്ത്രീയുടെ ആന്തരികാവയവങ്ങളും ഫൊറന്‍സിക് പരിശോധനക്കയച്ചു. കോണ്‍വന്റിലെ മറ്റു കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

സിസ്റ്റര്‍ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്നുവെന്നാണു കന്യാസ്ത്രീകളുടെ മൊഴി. ചികിത്സാ രേഖകളും ഹാജരാക്കി. ഇക്കാര്യം ബന്ധുക്കളില്‍ ചിലര്‍ നിഷേധിക്കുന്നതാണ് പൊലീസിനെ കുഴക്കുന്നത്. കോണ്‍വന്റിനോടു ചേര്‍ന്ന പാറമടയിലാണ് ഞായറാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. കോണ്‍വന്റിനെയും പാറമടയെയും വേര്‍തിരിക്കുന്ന മതിലിന് ഉയരം കുറവാണ്. പാറമട പരിസരത്തേക്ക് ഈ ഭാഗത്തു കൂടി എളുപ്പത്തില്‍ കടക്കാനും സൗകര്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി.