Saturday, May 4, 2024
indiaNews

കനത്ത മഴയെ തുടര്‍ന്ന് കൈലാസത്തിലേക്കു പോകുന്ന വഴിയിലെ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് കൈലാസത്തിലേക്കു പോകുന്ന വഴിയിലെ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തരകാശിയിലെ നജാങ് താംബ ഗ്രാമത്തിന് സമീപമുള്ള മലയാണ് ഇടിഞ്ഞത്. തുടര്‍ന്ന് കൈലാസ യാത്രയ്ക്കായി ഉപയോഗിക്കുന്ന പ്രധാനപാതയായ തവാഘട്ട് ലിപുലേഖ് ദേശീയപാത അടച്ചിട്ടു. മലയിടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കനത്ത മഴയില്‍ ഉത്തരകാശിയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഹെല്‍ഗുഗാഡിനും സ്വരിഗാഡിനും സമീപത്തുള്ള മലയിലെ പാറക്കൂട്ടങ്ങള്‍ റോഡില്‍ വീണ് ഋഷികേശ് ഗംഗോത്രി ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. വികാസ്‌നഗര്‍കല്‍സിബര്‍കോട്ട് ദേശീയപാതയിലും സമാന അവസ്ഥയാണ്. സെപ്റ്റംബര്‍ 25വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.