Monday, April 29, 2024
keralaNewsUncategorized

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; ഭിക്ഷ എടുക്കാന്‍ സമ്മതിച്ചില്ല: തീ വെച്ചു

കണ്ണൂര്‍ : ട്രെയിനില്‍ ഭിക്ഷ എടുക്കാന്‍ സമ്മതിക്കാത്തതിന്റെ വിരോധം കാരണമാണ് തീ വെച്ചതെന്നാണ് കേസിലെ പ്രതിയുടെ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം. തീവെപ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടന്‍.കസ്റ്റഡിയിലുള്ളയാള്‍ തീവെപ്പിന് തൊട്ട് മുന്‍പ് ട്രാക്കിന് പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇയാളെ കണ്ടതായി ബിപിസിഎല്‍ സുരക്ഷ ജീവനക്കാരനും മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രദേശത്തെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ബോഗിക്ക് തീ വെച്ചത് ഇന്ധനം ഉപയോഗിച്ചാണോ എന്നതില്‍ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ഇക്കാര്യം ഉറപ്പിക്കാന്‍ ഇന്നലെ വൈകിട്ട് വീണ്ടും ബോഗിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മാത്രമാകും കൂടുതല്‍ നടപടി ഉണ്ടാകുക. കസ്റ്റഡിയിലുള്ളയാള്‍ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. സംഭവത്തില്‍ അന്ന് റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ട്രെയിന്‍ തീവെപ്പടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് വഴി വെക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേ സമയം കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ ഐ എ വിവരങ്ങള്‍ തേടി.