Tuesday, May 14, 2024
keralaNews

കണ്ണൂര്‍ തോട്ടടയില്‍ എറിഞ്ഞത് ഉഗ്രശക്തിയുള്ള ബോംബാണെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍.

കണ്ണൂര്‍ തോട്ടടയില്‍ എറിഞ്ഞത് ഉഗ്രശക്തിയുള്ള ബോംബാണെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. ‘വാനിലെത്തിയ സംഘം ഉഗ്രശക്തിയുള്ള ബോംബാണ് ഏറിഞ്ഞത്. മരിച്ച ജിഷ്ണുവിന്റെ തലയില്‍ തന്നെ ബോംബ് വീണു. തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചു. നാട്ടുകാര്‍ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനില്‍ കയറി രക്ഷപ്പെട്ടു’ ദൃക്‌സാക്ഷി പറഞ്ഞു.സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതകം, സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘത്തിലുള്ള രണ്ട് പേര്‍ അറസ്റ്റിലായതായാണ് സൂചന. കല്യാണ വീട്ടിലുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. തോട്ടടയിലെ കല്യാണ വീട്ടില്‍ കഴിഞ്ഞ ദിവസം എച്ചൂരില്‍ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘവും വരന്റെ വീടിന് സമീപത്തുള്ളവരുമായി വാക്കേറ്റം ഉണ്ടായി. കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതിനിടെ വാനിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.

അതേ സമയം,ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയില്‍ വീണു. ജിഷ്ണു തല്‍ക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കള്‍ക്കും ബോംബേറില്‍ പരുക്കേറ്റു. ബോംബ് എറിഞ്ഞതിനു ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാന്‍ വൈകിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതു വാക്ക് തര്‍ക്കത്തിന് കാരണമായി.