Thursday, May 2, 2024
keralaNews

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ എഞ്ചിനില്‍ പുക കണ്ടത്. അഞ്ചാംപീടിക – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടി.പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടനെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ബസ്സില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടന്‍ തീയണച്ചു. ഡീസല്‍ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ച ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവാക്കിയത്. ആര്‍ക്കും പരിക്കില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വ്യക്തമാക്കുന്നു.യാത്രക്കാര്‍ കൃത്യസമയത്ത് ഇറങ്ങിയോടുകയും ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയും ചെയ്തതോടെ വന്‍ദുരന്തമാണ് ഒഴിവായത്. രാവിലെ ഒമ്പതേമുക്കാലോടെയാണ് സംഭവം. നഗരത്തിലെ രണ്ട് പ്രമുഖ ആശുപത്രികളായ എകെജി ആശുപത്രിയുടെയും കൊയിലി ആശുപത്രിയുടെയും തൊട്ടടുത്താണ് റോഡില്‍ ബസ്സിന് തീ പിടിക്കുന്നത്. നാട്ടുകാരും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി.