Friday, April 19, 2024
keralaNews

ട്രെയിന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം;എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ട്രെയിന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച
സംഭവത്തില്‍ എഎസ്ഐ സസ്പെന്‍ഡ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എഎസ്ഐയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതേസമയം യുവാവ് മദ്യപിച്ച് സ്ത്രകീളോട് മോശമായി പെരുമാറിയെന്നും ഇതോടെയാണ് പോലീസ് ഇടപെട്ടതെന്നും യാത്രക്കാരില്‍ ഒരാള്‍ പറയുന്നു.

യാതൊരു പ്രകോപനവും കൂടാതെ എഎസ്ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയുമാണ് ചെയ്തുവെന്നാണ് പരാതി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേ്ക്ക് പോയ മാവേലി എക്സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം നടക്കുന്നത്. യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ വിവിരം ടിടിയെ അറിയിച്ചു. ടിടി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും അതിന് സാധിക്കാതെ വന്നപ്പോണ് ഇടപെട്ടതെന്നും പോലീസ് വിശദീകരിച്ചിരുന്നു.

സംഭവം അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ അന്തസിന് മാന്യത കല്‍പ്പിക്കാത്ത പെരുമാറ്റമാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് പ്രഥമ ദൃഷ്ടിയില്‍ നിന്നും വ്യക്തമാകുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് അധികാര പരിധി നോക്കി അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.