Friday, May 10, 2024
keralaNews

ഓണാഘോഷം കൊടിയിറങ്ങും, തലസ്ഥാനത്തെ സാംസ്‌കാരിക ഘോഷയാത്ര

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്ക് സംസ്ഥാനത്തെ വര്‍ണാഭമായ സാസ്‌കാരിക ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രിയാകും സാസ്‌കാരിക ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക. 76 ഫ്‌ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്ന് കാഴ്ചക്കാര്‍ക്ക് വിസ്മയ മുഹൂര്‍ത്തമൊരുക്കും. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികള്‍ കെങ്കേമമാക്കിയ ഓണാഘോഷങ്ങള്‍ക്കാണ് തലസ്ഥാനത്തെ സാസ്‌കാരിക ഘോഷയാത്രയോടെ തിരശ്ശീല വീഴുന്നത്. പകിട്ട് ഒട്ടും കുറയാതെ ദൃശ്യ വിസ്മയം തീര്‍ക്കാന്‍ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും സജ്ജമാണ്. ഒപ്പം അശ്വാരൂഢ സേനയും സേനാ വിഭാഗങ്ങളുടെ ബാന്‍ഡുകളും നഗരവീഥികളിലൂടെ കടന്നുപോകും. കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്ഥാപനങ്ങളുടെ മേന്മകളും നേട്ടങ്ങളും വിവരിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ക്ക് ഏറ്റവും മുന്നിലായുണ്ടാകുക മുത്തുക്കുട ചൂടിയ എന്‍ സി സി കേഡറ്റുകളാകും. ശിശുക്ഷേമസമിതിയിലെ കുഞ്ഞുങ്ങള്‍ക്കും കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര കാണാന്‍ പ്രത്യേക സൗകര്യമുണ്ടാകും. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ വി ഐ പി പവിലിയനില്‍ കാണിയായി മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള പ്രമുഖരെല്ലാം എത്തും.